കെ റെയിലിനെതിരെ വൻ പ്രതിഷേധം: പരസ്യപ്രതികരണത്തിനില്ലെന്ന് ഗവർണർ

  • 18/03/2022

തിരുവനന്തപുരം: കെ റെയിലിൽ പ്രതിഷേധം കനക്കവേ പരസ്യപ്രതികരണത്തിനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ റെയിലിൽ സർക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിൽ വിശ്വാസമുണ്ടെന്നും ഗവർണർ അറിയിച്ചു. എന്നാൽ പ്രതിഷേധ പ്രകടനങ്ങൾക്ക് എതിരെയുള്ള പൊലീസ് നടപടിയെ ഗവർണർ വിമർശിച്ചു. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നത്. ആ സർക്കാർ ജനങ്ങളോട് നിർവികാരപരമായി പ്രവർത്തിക്കരുത്. സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ല. സ്ത്രീകളല്ല ആർക്കെതിരെയും അതിക്രമം പാടില്ലെന്നും ഗവർണർ പറഞ്ഞു.

കെ റെയിലിന് എതിരെ കോട്ടയത്തെ മടപ്പള്ളിയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ കോഴിക്കോട് കല്ലായിയിൽ ഇന്ന് വൻ പ്രതിഷേധമാണ് നടക്കുന്നത്. കല്ലായിൽ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ വലിയ പ്രതിഷേധമുയർന്നു. പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. 

വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കോഴിക്കോട് ജില്ലയിൽ കെ റെയിൽ കല്ലിടലിനിടെയുണ്ടാകുന്ന ഇതുവരെയുള്ള എറ്റവും ശക്തമായ പ്രതിഷേധമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാൻ എത്തിയവരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു. ഉന്തും തള്ളിലും സ്ത്രീകൾക്ക് ഉൾപ്പെടെ പരിക്കേറ്റു. രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. പുരുഷ പൊലീസ് ലാത്തി വച്ച് കുത്തിയെന്ന് പ്രതിഷേധത്തിനെത്തിയ സ്ത്രീകൾ ആരോപിക്കുന്നു. കടുത്ത പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചു.

Related News