മെട്രോ നിർമ്മാണത്തിൽ അപാകതയെന്ന് സമ്മതിച്ച് ഇ ശ്രീധരൻ; സംഭവിച്ചതെന്തെന്ന് പഠിക്കും

  • 18/03/2022

തൃശ്ശൂർ: മെട്രോ നിർമ്മാണത്തിൽ പിശകു പറ്റിയതായി ഇ ശ്രീധരൻ. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ പറഞ്ഞു. 

പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ് കൊച്ചി മെട്രോ  മെട്രോ 347-ാം നമ്പർ തൂണിൻറെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോർട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്‌നിക്കൽ പഠനത്തിൽ പറയുന്നു. തൂണിൻറെ അടിത്തറ ബലപ്പെടുത്ത ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെഎംഎആൽഎൽ അറിയിക്കുന്നത്.

ഒരു മാസം മുമ്പാണ് കൊച്ചി പത്തിടിപ്പാലത്തെ 347-ാം നമ്പർ മെട്രോ തൂൺ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മെട്രോ ട്രാക്കിൻറെ അലൈൻമെൻറിന് അകൽച്ച സംഭവിച്ചിരുന്നു. ഇതിൻറെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് മെട്രോ തൂണിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്. തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പിൽ എത്തിയിട്ടില്ല. തൂണിൻറെ തറനിരപ്പിന് താഴെ ചെളിക്കുഴിയാണ്. 10 മീറ്ററിലധികം കുഴിച്ചാൽ മാത്രമേ ഇവിടെ പാറ കാണാനാകൂ. പാറയും തുരന്ന് വേണം പൈലിൻറെ അടിത്തറ ഉറപ്പിക്കാൻ. നിലവിലെ പൈലിംഗും പാറയും തമ്മിൽ ഒരു മീറ്ററോളം അകൽച്ചയുണ്ടെന്ന് ജിയോ ടെക്‌നിക്കൽ പഠനത്തിൽ കണ്ടെത്തി. ഇതാണ് തൂണിൻറെ ബലക്ഷയത്തിനിടയാക്കിയത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെഎംആർഎൽ തയ്യാറായിട്ടില്ല.

Related News