സമരത്തിൻറെ പുതിയ അധ്യായം തുടങ്ങിയെന്ന് വി ഡി സതീശൻ; നന്ദിഗ്രാം ആവർത്തിക്കുമെന്ന് മുന്നറിയിപ്പ്

  • 18/03/2022

കോട്ടയം: സിൽവർലൈൻ സമരത്തിൻറെ പുതിയ അധ്യായം തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ചെങ്ങന്നൂരിൽ നാളെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്നും എല്ലാ സമരസ്ഥലത്തും യുഡിഎഫ് നേതാക്കൾ ഉണ്ടാകുമെന്നും വി ഡി സതീശൻ മാടപ്പള്ളിയിൽ പറഞ്ഞു. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങൾ കേൾക്കാൻ ഉദ്യോഗസ്ഥർക്ക് പറ്റില്ല. അതിനെ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അടിച്ചമർത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അദ്ദേഹത്തിന് തെറ്റുപറ്റി. കേരളം മുഴുവൻ ഇതുപോലുള്ള സമരം ആവർത്തിക്കാൻ പോവുകയാണ്. ബംഗാളിലെ നന്ദിഗ്രാമിൽ നടന്ന സമരത്തിൻറെ തനിയാവർത്തനമാണ് ഇതെന്ന് ഞങ്ങൾ സൂചിപ്പിച്ചതാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. 

വി ഡി സതീശൻറെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളുടെ നിരയാണ് മാടപ്പള്ളിയിൽ എത്തിയത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ് തുടങ്ങിയ നേതാക്കളെ ആവലാതി അറിയിക്കാൻ വീട്ടമ്മമാർ ഉൾപ്പടെയുള്ളവരെത്തി. മാടപ്പള്ളിയിൽ ഡിസിസി പ്രസിഡൻറിൻറെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കല്ലുപിഴുത് പ്രതിഷേധിച്ചു. ഇന്നലെ വൻ പൊലീസ് സന്നാഹത്തിൽ സ്ഥാപിച്ച അതിരടയാള കല്ലുകളാണ് ഡിസിസി പ്രസിഡൻറും കൂട്ടരും പിഴുതെറിഞ്ഞത്. ഇന്നലെ രാത്രി തന്നെ മൂന്നു കല്ലുകൾ നാട്ടുകാർ എടുത്തു മാറ്റിയിരുന്നു.

സിൽവർ ലൈൻ സമരത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്  പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. സിൽവർ ലൈൻ കല്ലിടലിനെതിരെ ചങ്ങനാശ്ശേരിയിൽ പ്രതിഷേധിച്ച സ്ത്രികളേയും കുട്ടികളേയും റോഡിലൂടെ വലിച്ചിഴച്ച പൊലീസ് നടപടിക്കെതിരെ ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം  രംഗത്തെത്തി. മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യർത്ഥന പ്രതിപക്ഷം തള്ളി.  സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറുന്നതുവരെ യുഡിഎഫ്, സമരം ശക്തമായി തുടരുമെന്ന് വി ഡി സതീശൻ അറിയിച്ചു.

Related News