ഗോവയിൽ പെൺവാണിഭ സംഘം പിടിയിൽ; ടെലിവിഷൻ നടി ഉൾപ്പെടെ മൂന്നു യുവതികളെ രക്ഷപ്പെടുത്തി

  • 18/03/2022

പനജി: ഗോവയിൽ പെൺവാണിഭ സംഘത്തിൻറെ പിടിയിൽനിന്ന് ടെലിവിഷൻ നടി ഉൾപെടെയുള്ള മൂന്നുപേരെ രക്ഷപ്പെടുത്തി. പനജിക്ക് സമീപമുള്ള സങ്കോൾഡ ഗ്രാമത്തിലാണ് പെൺവാണിഭ സംഘം പിടിയിലായത്. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ഒരാളെ ഗോവ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ക്രൈംബ്രാഞ്ചിന്റെ രഹസ്യനീക്കത്തിൽ 26കാരനായ ഹാഫിസ് സയിദ് ബിലാലാണ് അറസ്റ്റിലായത്. അന്വേഷണ സംഘം രക്ഷപ്പെടുത്തിയ സ്ത്രീകളിൽ ടെലിവിഷൻ നടി ഉൾപ്പെടെ രണ്ടുപേർ മുംബൈയ്ക്ക് സമീപമുള്ള വിരാർ സ്വദേശിനികളാണ്. മറ്റൊരാൾ ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ച് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 30-37 വയസിന് ഇടയിൽ പ്രായമുള്ളവരാണ് രക്ഷപ്പെട്ട മൂന്നുപേരും.

പെൺവാണിഭം സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച അന്വേഷണ സംഘം ഒരുക്കിയ കെണിയിലാണ് പ്രതി പിടിയിലായത്. ഇടപാടുകാരനാണെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് 50,000 രൂപയ്ക്ക് കരാർ ഉറപ്പിച്ചതിന് പിന്നാലെ മൂന്ന് സ്ത്രീകളെയുമായി എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Related News