ഉത്തർപ്രദേശിൽ യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ 25ന്, തീരുമാനമാകാതെ ഉത്തരാഖണ്ഡ്

  • 19/03/2022

ലഖ്‌നോ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്‌ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ് നാഥ് സിംഗ്, ജെപി നഡ്ഡ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട അമിത് ഷായും രഘുവർ ദാസും ഉടൻ ഉത്തർപ്രദേശിലെ എത്തും.

എംഎൽഎമാരുടെ യോഗം ചേർന്ന് യോഗി ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. അതേസമയം ഉത്തരാഖണ്ഡിൽ എല്ലാ എംഎൽഎമാരോടും നാളെ ഡെറാഡൂണിൽ എത്താൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എംഎൽഎമാരുടെ യോഗത്തിൽ വച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് സാധ്യത. വിവിധ സംസ്ഥനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയതിന്റെ പകിട്ടിലാണ് ബിജെപി.

ഉത്തർപ്രദേശിൽ എസ്പിയെ പരാജയപ്പെടുത്തിയും കോൺ?ഗ്രസിനെ ഇല്ലാതാക്കിയും സ്വന്തമാക്കിയ വിജയം അതിന്റെ മാറ്റു കൂട്ടുന്നുണ്ട്. അതേസമയം, ബിജെപിയിൽ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പാർലമെൻററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം വന്നത് ശ്രദ്ധേമായി. നേതാക്കളുടെ മക്കൾക്ക് മത്സരിക്കാൻ സീറ്റ് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ വിമർശനം. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചേർന്ന പാർലമെൻററി യോഗത്തിലാണ് കുടുംബാധിപത്യത്തെ കുറിച്ച് മോദി വിമർശനം ഉയർത്തിയത്.

Related News