വെള്ളവും വൈദ്യുതിയും അടക്കം രക്ഷപ്പെടാനുള്ള വഴികൾ അടച്ച് പിതാവിൻറെ ക്രൂരത, എരിഞ്ഞടങ്ങി മകനും കുടുംബവും

  • 19/03/2022

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീവെച്ചുകൊന്ന് പിതാവ്. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അച്ഛൻ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് ഹമീദ് വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. പതിനേഴും പതിമൂന്നും വയസുള്ള രണ്ട് പേരക്കുഞ്ഞുങ്ങൾ അടക്കമാണ് ഹമീദിൻറെ കണ്ണില്ലാത്ത ക്രൂരതയിൽ അവസാനിച്ചത്.

കയ്യിൽ കരുതിയിരുന്ന പെട്രോൾ ഉപയോഗിച്ചാണ് വീടിനുള്ളിൽ തീ വച്ചത്. അഗ്‌നിബാധ ശ്രദ്ധയിൽപ്പെട്ട് നാട്ടുകാരെത്തി തീ അണയ്ക്കാൻ ശ്രമിച്ചാൽ കാലതാമസം ഉണ്ടാവാൻ വേണ്ടി വീട്ടിലെ ടാങ്കിലെ വെള്ളവും ഇയാൾ ഒഴുക്കികളഞ്ഞിരുന്നു. അയൽവീടുകളിലെ ടാങ്കുകളും ഇത്തരത്തിൽ ഹമീദ് കാലിയാക്കിയതായി ആരോപണമുണ്ട്. കിണറിൽ നിന്ന് മോട്ടോർ അടിക്കാതിരിക്കാനായി വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. മകനും കുടുംബവും ഉറങ്ങിയിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം വീടിൻറെ വാതിലുകൾ എല്ലാം പുറത്ത് നിന്ന് പൂട്ടി.

പിന്നാലെ ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞാണ് ഹമീദ് വീട്ടിന് തീയിട്ടത്. തീ പടർന്നതോടെ മകനും ഭാര്യയും പേരക്കുട്ടികളും ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെള്ളമില്ലാതിരുന്നതിനാൽ അഗ്‌നിക്കിരയാവുകയായിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാർ എത്തിയപ്പോഴും വീടിനുള്ളിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു ഹമീദ്. മുറിക്കുള്ളിൽ തീപടർന്ന വിവരം കൊല്ലപ്പെട്ട മുഹമ്മദ് ഫൈസൽ തന്നെയാണ് ഫോൺ വിളിച്ച് അറിയിച്ചതെന്ന് അയൽവാസിയായ ദൃക്സാക്ഷി രാഹുൽ പറയുന്നു. ഓടിയെത്തിയെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ ഒന്നും ചെയ്യാനായില്ല.

ഈ സമയത്തും  പ്രതി ഹമീദ് അപ്പോഴും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നെന്നും രാഹുൽ പറഞ്ഞു. മകനോടുള്ള വൈരാഗ്യത്തിൻറെ പുറത്ത് പേരക്കുട്ടികളെ അടക്കം ഹമീദ് ഇത്തരത്തിൽ ഇല്ലാതാക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മുഹമ്മദ് ഫൈസലുമായും മറ്റൊരു മകനുമായും കാലങ്ങളായി ഹമീദിന് സ്വത്ത് തർക്കമുണ്ടായിരുന്നു. പല കുടുംബങ്ങളിലും ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമെങ്കിലും പിതാവ് തന്നെ മകനെതിരെ ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് ചിന്തിക്കാനാവുന്നില്ലെന്നാണ് സംഭവമറിഞ്ഞ് തടിച്ച് കൂടിയ നാട്ടുകാരുടെ പ്രതികരണം.

Related News