ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവിനെ പിടികൂടി

  • 19/03/2022

മലപ്പുറം: മഞ്ചേരിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഇന്നലെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഹാജിയാർപള്ളി മച്ചിങ്ങൽ മുഹമ്മദ് ഹിഷാം (21) ആണ് അറസ്റ്റിലായത്.2021 ഡിസംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടിയെ യുവാവ് പ്രണയം നടിച്ച് വശീകരിക്കുകയും ബൈക്കിൽ കയറ്റി ബീച്ചിലും മറ്റും കൊണ്ടു പോവുകയും ചെയ്തിരുന്നു. 

കുട്ടിയുമായി അടുപ്പത്തിലായ പ്രതി പിന്നീട് പ്രണയം നടിച്ച് പലയിടത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയെ തുടർന്ന് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നിർദേശ പ്രകാരം എസ്ഐ ഖമറുസമാൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ വി.സി കൃഷ്ണനാണ് കേസന്വേഷിക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങളിൽ ജില്ലയും മുന്നിൽ. ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. പീഡനത്തിൽ പരാതി നൽകാൻ സ്ത്രീകൾ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. 

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നത് മലപ്പുറം ജില്ലയെ ആശങ്കപ്പെടുത്തുന്നു. കൊണ്ടോട്ടിയിൽ പഠന ആവശ്യത്തിനായി പോവുകയായിരുന്ന 21കാരിയാണ്  അതിക്രമത്തിന് ഇരയായിരുന്നു. വിദ്യാർത്ഥിനിയെ പട്ടാപ്പകൽ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി നാട്ടുകാരനായ 15 വയസുകാരൻ ആണെന്ന് അറിയുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം കൂടുതൽ ഏറുന്നത്. 

പീഡനത്തിന് ഇരയായ 17കാരി പ്രസവിച്ച സംഭവവും  ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടക്കലിലാണ് വീട്ടുകാർ പോലുമറിയാതെ പെൺകുട്ടി പ്രസവിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട് പീഡിപ്പിക്കുന്ന പരാതികളും ജില്ലയിൽ വർദ്ധിച്ചിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികളാണ് ഇരകളാവുന്നവരിൽ നല്ലൊരു പങ്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി നിരവധി പദ്ധതികളും ബോധവത്കരണവും നടപ്പാക്കുമ്പോഴും ഇതൊന്നും വേണ്ട വിധത്തിൽ ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതിന്റെ തെളിവാവുകയാണ് തുടർച്ചയായി സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമ കേസുകൾ.

Related News