സിൽവർലൈൻ; അയവില്ലാതെ പ്രതിഷേധം, സർവ്വേ കല്ലുകൾ കനാലിൽ ഉപേക്ഷിച്ച് നാട്ടുകാരുടെ പ്രതിഷേധം

  • 19/03/2022

മലപ്പുറം: സിൽവർലൈൻ സർവ്വേക്കെതിരെ തിരൂർ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങളുടെ പ്രതിഷേധം.  പൊലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ വെങ്ങാനൂർ ജുമാ മസ്ജിദിൻറെ പറമ്പിൽ കല്ലിടുന്നത് ഒഴിവാക്കി. പള്ളി പറമ്പിൽ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും വീടുകളുടെ പറമ്പിൽ കല്ലിടുന്നത് പുരോഗമിക്കുകയാണ്. എന്നാൽ ഈ കല്ലുകൾ നാട്ടുകാർ പിഴുതെറിയുകയാണ്. കല്ലുകൾ സ്ഥാപിച്ച ഉടൻ തന്നെയാണ് പിഴുതെറിഞ്ഞത്. നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയാണ് ഇവിടെ.

സ്ഥലം ഏറ്റെടുത്താൽ എങ്ങോട്ട് പോകും, എത്ര സെൻറ് സ്ഥലം ലഭിക്കും തുടങ്ങി പുനരധിവാസത്തെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ലെന്നാണ് ഇവർ പറയുന്നത്. പിഴുതെടുത്ത കല്ലുകൾ പറമ്പിൽ നിന്നെടുത്ത് പഞ്ചായത്ത് റോഡിൽ പ്രതിഷേധക്കാർ ഇട്ടു. പ്രതിഷേധിച്ച എട്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധം വ്യാപിച്ചതോടെ പൊലീസ് ഇവരെ ബലംപ്രയോഗിച്ച് സ്ഥലത്ത് നിന്നും നീക്കംചെയ്യുകയാണ്.

ചോറ്റാനിക്കര മാമലയിലും സമാനമായ പ്രതിഷേധമാണ് നടക്കുന്നത്. മാമലയിൽ കഴിഞ്ഞദിവസം സ്ഥാപിച്ച സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞു. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ  പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. സർവ്വേ കല്ലുകൾ കനാലിൽ പ്രതിഷേധക്കാർ ഉപേക്ഷിച്ചു.

Related News