ധീരജ് വധക്കേസ്; ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം

  • 19/03/2022

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് ജാമ്യം. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഹാജരായി.

കേസിൽ ഉൾപ്പെട്ട ഏഴാം പ്രതി ജസിൻ ജോയി, എട്ടാം പ്രതി അലൻ ബോബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയും കെഎസ്യുവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ പ്രധാന തെളിവായ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല.

ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ  എസ്എഫ്‌ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടർന്നെന്നാണ് എഫ്‌ഐആർ. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ്  മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

Related News