കഠിനമായ വയറുവേദനയും വിശപ്പിലായ്മയും, പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് അരക്കിലോയോളം മുടി

  • 19/03/2022

കഠിനമായ വയറുവേദനക്കും വിശപ്പിലായ്മക്കും ചികിത്സ തേടി ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലില്‍ എത്തിയ ഒമാന്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അരക്കിലോയോളം മുടി.


അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍ എന്നിവയിലൂടെ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടിയുടെ വയറ്റില്‍ മുഴപോലെ എന്തോ ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും തീരുമാനിക്കുകയായിരുന്നു.

ഹൈദരാബാദിലെ യശോദ ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍റോളജിസ്റ്റ് അഡ്വാന്‍സ്ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ടി.എല്‍.വി.ഡി. പ്രസാദ് ബാബുവിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

യുജിഐ എന്‍ഡോസ്കോപ്പി നടത്തിയാണ് പെണ്‍കുട്ടിയുടെ വയറ്റിലെ മുടി കണ്ടെത്തിയത്. വയറില്‍ മുഴുവനായി മുടി നിറഞ്ഞിരുന്നു. മുടി ആമാശയത്തില്‍ നിന്ന് ചെറുകുടലിലേക്ക് എത്തുന്ന സ്ഥിതിയിലായിരുന്നു. പെണ്‍കുട്ടിക്ക് ഗ്യാസ്ട്രോ ട്രൈക്കോബെസോര്‍ എന്ന അപൂര്‍വ രോ​ഗം ഉള്ളതായും ഡോക്ടര്‍ കണ്ടെത്തി.

സാധാരണഗതിയില്‍, മാനസികമായി അസ്ഥിരമായ ആളുകളാണ് ഈ രോഗം മൂലം മുടി കഴിക്കുന്നതായി കാണപ്പടുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ തകരാറില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വയറില്‍ കഠിനമായ വേദനയും വിശപ്പില്ലായ്മയും ഭാരക്കുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ചികിത്സ തേടിയത്.

Related News