ചരിത്രം കുറിച്ച് ഇന്ത്യ; ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താൻ ഫൈറ്ററുകൾ; സ്റ്റെൽത്ത് യുദ്ധ വിമാനത്തിന്റെ നിർമാണം ആരംഭിച്ചു

  • 20/03/2022

ന്യൂഡൽഹി: ലോകത്തേറ്റവും ഭാരം കുറഞ്ഞ യുദ്ധ വിമാനം തേജസ് ഉത്പാദിപ്പിച്ച ഇന്ത്യ സ്വന്തമായി രൂപകല്പ്പന ചെയ്ത രണ്ടാമത്തെ യുദ്ധ വിമാനത്തിന്റെ നിർമാണവും തുടങ്ങി. രണ്ടു സീറ്റുള്ള സ്റ്റെൽത്ത് വിമാനത്തിന്റെ പ്രോട്ടോ ടൈപ്പ് നിർമാണമാണ് തുടങ്ങിയത്. അഞ്ചാം തലമുറയിൽപ്പെട്ട സ്റ്റെൽത്ത് യുദ്ധവിമാനമാണിത്. ഡിആർഡിഒയാണ് വിമാനം നിർമിക്കുന്നത്. ബെംഗളൂരുവിലെ ഡിആർഡിഒ ആസ്ഥാനത്ത് ഇതിനായി ഏഴുനില കെട്ടിടം നിർമിച്ചു കഴിഞ്ഞു.

അഡ്വാൻസ്ഡ് മീഡിയം കോമ്ബാറ്റ് എയർക്രാഫ്റ്റിന്റെ വികസനം ഈ കെട്ടിടത്തിലാകും നടക്കുക.കെട്ടിടം കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. 45 ദിവസം കൊണ്ടാണ് കെട്ടിടം പൂർത്തിയാക്കിയത്. 2024ൽ വിമാനത്തിന്റെ ആദ്യ പറക്കൽ നടക്കും. 25 ടണ്ണാണ് ഭാരം. 1500 കിലോയുള്ള ആയുധങ്ങൾ വരെ അകത്ത് വഹിക്കാം. പുറത്ത് 5500 കിലോ വരെയുള്ള ആയുധം ഘടിപ്പിക്കാം. 6500 കിലോ ഇന്ധനത്തിനു പുറമേയാണിത്. ആദ്യ ഘട്ടത്തിൽ വ്യോമസേന നാല്പതു വിമാനം വാങ്ങും.

രണ്ടാം മോഡൽ 100 എണ്ണവും. ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താൻ ശേഷിയുള്ളവയാണ് സ്റ്റെൽത്ത് ഫൈറ്ററുകൾ. ഇത് നിർമിച്ചു തുടങ്ങുന്നതോടെ അഞ്ചാം തലമുറയിൽപ്പെട്ട യുദ്ധവിമാനങ്ങളുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക (എഫ് 35, എഫ് 22 റാപ്ടർ), റഷ്യ (സുഖോയ് 57), ചൈന (ജെ 20) എന്നിവയാണ് സ്റ്റെൽത്ത് ഫൈറ്ററുകളുള്ള മറ്റു രാജ്യങ്ങൾ. 15,000 കോടി രൂപയാണ് വികസനത്തിനു വേണ്ടി വരുന്നത്.

Related News