ടാറ്റു ആർട്ടിസ്റ്റിന് എതിരെ സഹപ്രവർത്തകയുടെ പീഡനപരാതി; ദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്ന് യുവതി

  • 20/03/2022

കൊച്ചി: കൊച്ചിയിൽ ഒരു ടാറ്റു ആർട്ടിസ്റ്റിന് എതിരെ കൂടി പീഡന പരാതി. പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുൽദീപ് കൃഷ്ണയ്ക്ക് എതിരെ സഹപ്രവർത്തകയാണ് പരാതി നൽകിയത്. ടാറ്റു ചെയ്യാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുൽദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലുള്ളത്. പീഡനദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. 2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട് സ്വദേശിയാണ് കുൽദീപ്. ഒളിവിൽ പോയ കുൽദീപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് സുജേഷിന് എതിരെ പരാതി നൽകിയവരുടെ എണ്ണം ഏഴായി. ഒരു വിദേശവനിതയാണ് ഏറ്റവും ഒടുവിൽ പരാതിനൽകിയത്. 2019 ൽ കൊച്ചിയിലെ കോളേജിൽ  വിദ്യാർത്ഥിനിയായിരിക്കേ ഇൻക്‌ഫെക്ടഡ്  സ്റ്റുഡിയോയിൽ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ്  പരാതി. യൂത്ത് എക്‌സേ്ഞ്ച് പ്രോഗ്രാമിൻറെ ഭാഗമായി കൊച്ചിയിലെ കോളേജിൽ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. 

ടാറ്റു ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു പുരുഷ സുഹൃത്താണ് സുജേഷിൻറെ ഇടപ്പള്ളിയിലെ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽ കൊണ്ടു പോകുന്നത്. ടാറ്റു വര തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ സുജേഷ് പുരുഷ സുഹൃത്തിനോട് മുറിക്ക് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. മുറിയിൽ സ്ഥല സൗകര്യം കുറവാണെന്ന് പറഞ്ഞായിരുന്നു ഇത്. 

ഇതിനുശേഷം തൻറെ നേരെ ലൈംഗിക അതിക്രമം തുടങ്ങിയെന്ന് പരാതിയിൽ യുവതി പറയുന്നു. ശല്യം വർധിച്ചതോടെ സുഹൃത്തിന് മൊബൈൽ ഫോണിൽ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. സുജേഷിനെതിരെ നിരവധി യുവതികള് മീടു പോസ്റ്റിട്ട കാര്യം സുഹൃത്തിൽനിന്ന്  അറിഞ്ഞതിനെ തുടർന്നാണ് പരാതി നൽകാൻ വിദേശ വനിതയും തീരുമാനിച്ചത്. തുടർന്ന് ഇമെയിൽ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.

Related News