'30 വർഷം മുമ്പ് വീട് വിട്ടിറങ്ങി, പല സ്ത്രീകളുമായും ബന്ധം; പിതാവ് പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും': കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരൻ ഷാജി

  • 20/03/2022

തൊടുപുഴ: പിതാവ് പുറത്തിറങ്ങിയാൽ തങ്ങളെയും കൊലപ്പെടുത്തുമെന്ന ഭയമുണ്ടെന്ന് തൊടുപുഴയിൽ കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരൻ ഷാജി. തങ്ങളെ കൊലപ്പെടുത്തുമെന്ന് പിതാവ് ഹമീദ് പലതവണ ഭീഷണി മുഴക്കിയിരുന്നതായും പിതാവിന് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യംചെയ്തതും വൈരാഗ്യത്തിന് കാരണമായെന്നും ഷാജി പ്രതികരിച്ചു. 'ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവനെ തട്ടിക്കളയുമെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. അവരെ തീർത്തുകളയുമെന്നും പെട്രോളൊഴിച്ച് കത്തിക്കുമെന്നും ബന്ധുക്കളോടും മറ്റുള്ളവരോടും പറഞ്ഞിരുന്നു. പക്ഷേ, പലതവണ ഇങ്ങനെ പറയാറുണ്ടായതിനാൽ അതൊന്നും കണക്കിലെടുത്തില്ല.

നേരത്തെ മുതൽ പിതാവിന് ഞങ്ങളോട് വൈരാഗ്യമാണ്. 30 വർഷം മുമ്പ് വാപ്പ വീട്ടിൽനിന്ന് പോയതാണ്. വീട്ടിൽ നെല്ല് പുഴുങ്ങാൻനിന്നിരുന്ന സ്ത്രീയോടൊപ്പമാണ് വാപ്പ പോയത്. അന്ന് മുതലേ ഞങ്ങളോട് വൈരാഗ്യമാണ്. ഞങ്ങൾക്കെതിരേ ഓരോ കേസുകൾ കൊടുത്തുകൊണ്ടിരുന്നു . അഞ്ച് കേസുകൾ കോടതിയിലും രണ്ട് കേസുകൾ കളക്ടറേറ്റിലുമുണ്ടായിരുന്നു. അമ്പതോളം കേസുകൾ കരിമണ്ണൂർ സ്റ്റേഷനിലുമുണ്ട്. അതിൽ കോടതിയിലെ കേസുകൾ തീർന്നു. കളക്ടറേറ്റിലെ കേസിൽ കമ്മിഷൻ വീട്ടിലെത്തി അന്വേഷണം നടത്തിയാണ് തീർപ്പാക്കിയത്. മകന്റെ കൂടെയാണ് താമസമെന്നും വസ്ത്രവും ഭക്ഷണവുമെല്ലാം കിട്ടുന്നുണ്ടെന്നും അന്വേഷണത്തിൽ കമ്മിഷന് ബോധ്യപ്പെട്ടതാണ്. അതിന്റെ ഉത്തരവുകളെല്ലാം കൈയിലുണ്ട്.

വാപ്പ ഇഷ്ടദാനം നൽകിയത് റദ്ദാക്കണമെന്നതാണ് നിലവിലെ കേസ്. വല്യുപ്പാനെയും വല്യുമ്മയെയും നോക്കിയത് ഞങ്ങളാണ്. അവരുടെ സ്വത്തും ഞങ്ങളുടെ പേരിലാണ് എഴുതിയിരുന്നത്. അതും വേണമെന്ന് പറഞ്ഞ് കേസ് കൊടുത്തിരുന്നു. സ്ഥലം എഴുതിത്തരുന്ന സമയത്തും വാപ്പ ഇവിടെവന്ന് ബഹളംവെച്ചിരുന്നു. പകുതി സ്ഥലം വേണമെന്നാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്. 14 സെന്റ് കൊടുക്കാമെന്ന് സമ്മതിച്ചു. അത് കൊടുക്കുകയും ചെയ്തു. അന്നും വാപ്പ ഹൈറേഞ്ചിൽ മറ്റൊരു സ്ത്രീയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.

Related News