യുക്രെയ്‌നിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു; മൃതദേഹം മെഡിക്കൽ കോളേജിന് നൽകും

  • 21/03/2022

ബെംഗളൂരു: യുക്രെയ്‌നിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു.എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഖാർകീവിൽ നിന്ന് മൃതദേഹം ബെംഗളൂരുവിൽ എത്തിച്ചത്. ബെംഗളൂരു വിമാനത്താവളത്തിൽ എത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം എസ് എസ് മെഡിക്കൽ കോളജിനായി വിട്ടു നൽകും. മൃതദേഹം നാട്ടിലെത്തിച്ച കേന്ദ്ര സർക്കാരിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് നന്ദി അറിയിച്ചു.

ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്ന നവീൻ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്. നവീൻറെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം  അറിയിച്ചിരുന്നു. 

ഹവേരിയിലെ കർഷക കുടുംബമാണ് നവീൻറേത്. കൃഷിയിൽ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാർക്ക് നേടിയ നവീന് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ചിരുന്നില്ല. മറ്റ് കോളേജുകളിൽ എംബിബിഎസ് പഠനത്തിനുള്ള ഉയർന്ന ഫീസ് കണക്കിലെടുത്താണ് പഠനത്തിന് വേണ്ടി യുക്രൈയ്‌നിലേക്ക് പോയത്. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിലെ പോരായ്മയുടെ ഇരയാണ് മകനെന്നും നവീൻറെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

Related News