സിൽവർലൈൻ ലോക്‌സഭയിൽ; പൊലീസ് അതിക്രമത്തിനെതിരെ കെ മുരളീധരൻറെ അടിയന്തരപ്രമേയ നോട്ടീസ്

  • 21/03/2022

ദില്ലി: സിൽവർലൈൻ പദ്ധതിയിലെ പൊലീസ് അതിക്രമം പാർലമെൻറിൽ ഉന്നയിക്കാൻ കോൺഗ്രസ്. പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരൻ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെന്റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകർച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേയുടെയും കേരള സർക്കാരിൻറെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ്  സിൽവർലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തിൽ നിന്നും കേന്ദസർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസിൽ പറയുന്നു.

സിൽവർലൈൻ കല്ല് പിഴുതെറിയൽ സമരം കൂടുതൽ ശക്തമാക്കാനുള്ള പ്രഖ്യാപനം ഇന്ന് കോൺഗ്രസ് നടത്തും. കോഴിക്കോട് കല്ലായിയിൽ സമരത്തിനിടെ പരിക്കേറ്റ സ്ത്രീകളെ കണ്ട് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്കിടയിലെ സർക്കാരിനെതിരായ എതിർപ്പ് പരമാവധി മുതലെടുക്കാനാണ് കോൺഗ്രസ് ശ്രമം. നേതാക്കളെ തന്നെ അണിനിരത്തിക്കൊണ്ട് സമരം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. 

കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് ഇന്ന് കളക്ടറേറ്റുകളിൽ പ്രതിഷേധ സർവേക്കല്ല് സ്ഥാപിക്കും. യൂത്ത് കോൺഗ്രസ് സമരത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കും. അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ഉയർന്ന മാടപ്പള്ളിയിലും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടൽ വീണ്ടും തുടങ്ങും. മാത്രവുമല്ല അതിരടയാള കല്ലുകൾ പിഴുതെറിയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. കല്ല് പിഴുതെറിയുന്നവർക്കെതിരെ പൊലീസ് കേസ് എടുക്കും. പിന്നീട് പിഴ അടക്കം ഈടാക്കാനാണ് കെ റെയിൽ അധികൃതരുടെ തീരുമാനം. മാത്രവുമല്ല പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി  പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.

Related News