ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവം: ഹാക്കർ സായ് ശങ്കറിൻറെ അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു

  • 21/03/2022

കൊച്ചി: വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിൻറെ ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്കറിൻറെ അക്കൌണ്ടുകൾ പരിശോധിക്കുന്നു. ദിലീപിൽ നിന്ന് ഇയാൾ എത്ര തുക കൈപ്പറ്റിയെന്ന് കണ്ടെത്താനാണ് പരിശോധന. കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളിൽ കഴിഞ്ഞ സായ് ശങ്കറിൻറെ ഹോട്ടൽ ബില്ലുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 12 ,500  രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് കഴിഞ്ഞത്. ഉച്ചയൂണിന് ചെലവഴിച്ചത് 1700 രൂപയാണ്. കേസിൽ പൊലീസ് പീഡനം ആരോപിച്ച്  സായ് ശങ്കർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി.

അതിനിടെ സായ് ശങ്കർ തോക്ക് ചൂണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തുവന്നു.  വ്യവസായിയുടെ പരാതിയിൽ സായിക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം നടത്തിയാണ് സായ് ശങ്കർ കോഴിക്കോട് സ്വദേശി മിൻഹാജിൽ നിന്ന് 45 ലക്ഷം രൂപ കൈപ്പറ്റിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ മിൻഹാജ് പണം തിരികെ ചോദിച്ചു. ഇതിന് പിന്നാലെയാണ് സായ് ശങ്കർ വീഡിയോ കോൾ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. സായ് ശങ്കറിന് നിലവിൽ തോക്ക് ലൈസൻസ് ഇല്ല. എന്നാൽ പണം തിരിച്ച് ചോദിച്ച തന്നെ നേരിട്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന്  മിൻഹാജ് പറയുന്നു. 

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിൻറെ ഫോണുകൾ. ഫോണുകൾ കോടതിയ്ക്ക് കൈമാറുന്നതിന് മുൻപ് സ്വകാര്യ ഹാക്കർ സായ് ശങ്കറിൻറെ സഹായത്തോടെ വിവരങ്ങൾ നശിപ്പിച്ചെന്ന്  ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ദിലീപിൻറെ ഐ ഫോൺ സായ് ശങ്കറിൻറെ ഐമാക് കംപ്യൂട്ടറിൽ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഈ ഐമാകിൽ ലോഗിൻ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇക്കാര്യത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ എസ്സയെ ചോദ്യം ചെയ്തിരുന്നു. തൻറെ ഐഡി ഉപയോഗിച്ച് സായ് ഐമാക് ഉപയോഗിച്ചിരിക്കാമെന്നാണ് എസ്സ മറുപടി നൽകിയത്.

Related News