സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് പരിചയപ്പെട്ടു, സുനിൽ ഗോപിക്ക് മാത്രം നൽകിയത് 72 ലക്ഷം: പരാതിക്കാർ

  • 21/03/2022

കോയമ്പത്തൂർ: നടനും എം.പി.യുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി പ്രതിയായ വഞ്ചനാ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാർ. സുരേഷ് ഗോപിയുടെ പേരുപറഞ്ഞാണ് സുനിൽ ഗോപി പരിചയപ്പെട്ടതെന്നും തട്ടിപ്പ് ബോധ്യമായതോടെ പോലീസിൽ പരാതി നൽകിയെന്നും പരാതിക്കാരനായ ഗിരിദറിന്റെ ബിസിനസ് പാർട്ണർ എസ്.രാജൻപറഞ്ഞു. 72 ലക്ഷം രൂപയാണ് സുനിൽ ഗോപിയുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇയാളുടെ സുഹൃത്തുക്കളായ റീന, ശിവദാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 25 ലക്ഷം രൂപയും അയച്ചു. എന്നാൽ സ്ഥലം വിൽപ്പനയിൽ കബളിപ്പിച്ചതായി കണ്ടെത്തിയതോടെ കോയമ്പത്തൂർ പോലീസിൽ പരാതി നൽകുകയാണ് ചെയ്തതെന്നും എസ്.രാജൻ പറഞ്ഞു.

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ കഴിഞ്ഞദിവസമാണ് സുനിൽ ഗോപിയെ കോയമ്പത്തൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതി രജിസ്‌ട്രേഷൻ അസാധുവാക്കിയ സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോയമ്പത്തൂർ ജി. എൻ. മിൽ റോഡിലെ ഗിരിധറിന്റെ പരാതിയിലാണ് സുനിൽ ഗോപി, റീന, ശിവദാസ് എന്നിവർക്കുനേരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.

കോയമ്പത്തൂർ നവക്കര മാവുത്തംപതി വില്ലേജിലെ മയിൽ സ്വാമിയുടെ 4.52 ഏക്കർ ഭൂമി സുനിൽ ഗോപി വാങ്ങിയിരുന്നു. ഇതിനിടെ ഈ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് സിവിൽ കേസ് കോടതിയിൽ എത്തിയതോടെ കോടതി വിൽപ്പന അസാധുവാക്കി. ഇക്കാര്യം മറച്ചുവെച്ച് വ്യവസായിയായ ഗിരിധറിന് സ്ഥലം കൈമാറാനായി 97 ലക്ഷം രൂപ മുൻകൂർ പണം കൈപ്പറ്റി.

പണം മറ്റ് രണ്ട് പ്രതികളും ചേർന്നാണ് വാങ്ങിയത്. തുടർന്ന് ഗിരിധരന്റെ അന്വേഷണത്തിലാണ് സ്ഥലത്തിന്റെ പേരിൽ സിവിൽ കേസ് നിലനിൽക്കുന്നതായും സ്ഥലം മറ്റൊരാളുടെ പേരിലാണെന്ന കാര്യവും കണ്ടെത്തിയത്. സുനിൽ ഗോപിയോട് പണം തിരിച്ചു ചോദിക്കുകയും വഞ്ചിച്ച കാര്യം അന്വേഷിക്കുകയും ചെയ്‌തെങ്കിലും മറുപടി ലഭിക്കാതായതോടെ കോയമ്പത്തൂർ പോലീസിൽ പരാതി നൽകി. ഇതിനിടെ സുനിൽ ഗോപി ലഭിച്ച പണം മറ്റ് രണ്ട് പ്രതികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ച് കബളിപ്പിക്കാൻ ശ്രമിച്ചതോടെ പോലീസ് കോഴിക്കോട് നിന്ന് ഇയാളെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടയ്ക്കുകയുമായിരുന്നു.

Related News