പത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു തുടങ്ങി; അന്തരിച്ച സംയുക്ത സൈനിക മേധാവിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ

  • 21/03/2022

ദില്ലി: പത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നിന്ന് ശോശാമ്മ ഐപ്പ് പ്രസിഡന്റ് രാം നാഥ് കോവിന്ദിൽ നിന്ന് ഇന്ന് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. 128 പേരെയാണ് ഈ വർഷം രാജ്യം പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്. 

കേരളത്തിൽ നിന്ന്  നാല് പേരാണ് ഇക്കുറി പുരസ്‌കാരത്തിന് അർഹരായത്. ശോശാമ്മ ഐപ്പിന് പുറമേ  കെ പി റാബിയ,  ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവരും പത്മശ്രീ പുരസ്‌കാരത്തിനർഹരായിരുന്നു. സാമൂഹിക പ്രവർത്തക കെ വി റാബിയ, കവിയും നിരൂപകനുമായ പി നാരായണ കുറുപ്പ് എന്നിവർക്ക് ആരോഗ്യപ്രശ്‌നങ്ങളാൽ പുരസ്‌കാരം വാങ്ങാനെത്തിയില്ല.  കളരി പയറ്റ് ആചാര്യൻ ശങ്കരനാരായണ മേനോനടക്കം 64 പേർക്ക് അടുത്തയാഴ്ച പുരസ്‌കാരം നൽകും. 128 ജേതാക്കൾക്ക് രണ്ട് ഘട്ടങ്ങളിലായാണ് പുരസ്‌കാരം നൽകുന്നത്. 

അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ മക്കൾ  ഏറ്റുവാങ്ങി. ഗീത ട്രസ്റ്റ് ബോർഡ് ചെയർമാനായിരുന്ന രാധേ ശ്യാം ഖേംകക്കും മരണാനന്തര ബഹുമതിയായി നൽകിയ പത്മവിഭൂഷൺ മകൻ രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു.

Related News