സഹോദരിയുടെ സുഹൃത്തിനെ ട്രക്ക് കയറ്റി കൊന്നു, ജാമ്യത്തിലിറങ്ങി മുങ്ങി; നാലുവർഷത്തിന് ശേഷം പിടിയിൽ

  • 21/03/2022

ന്യൂഡൽഹി: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ നിധി (27)യെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ സ്വദേശമായ ഗാസിയബാദ് ഗോവിന്ദപുരത്തുനിന്നാണ് നിധിയെ പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ (സ്പെഷ്യൽ സെൽ) ജസ്മീത് സിങ് പറഞ്ഞു.

2015-ൽ സാഗർ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിധി. കേസിൽ അറസ്റ്റിലായ യുവതിക്ക് 2018-ൽ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് മുങ്ങിയത്. നിധിയുടെ ഭർത്താവ് രാഹുൽ ജാട്ടും ഇതേ കൊലക്കേസിൽ പ്രതിയാണ്. ഇയാൾക്കും കേസിൽ ജാമ്യം ലഭിച്ചിരുന്നു. രോഹിത് ചൗധരി, അങ്കിത് ഗുർജാർ തുടങ്ങിയ കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്ത ബന്ധമുള്ളയാളാണ് രാഹുൽ. നേരത്തെ മൂന്ന് കൊലക്കേസുകളിലും വധശ്രമ കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ട്.

2015 ഏപ്രിൽ ഒന്നിനാണ് രാഹുലും നിധിയും അടക്കം ഒമ്പതുപേർ ചേർന്ന് സാഗർ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഡൽഹിയിലെ ജി.ടി.ബി. എൻക്ലേവിൽനിന്ന് ഉത്തർപ്രദേശിലെ ബാഗ്പതിലേക്കാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടുപോയത്. അവിടെവെച്ച് ട്രക്ക് കയറ്റി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം അപകടമരണമാണെന്ന് വരുത്തിതീർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

തന്റെ സഹോദരിയുമായി സാഗറിന് സൗഹൃദമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് നിധി പോലീസിന് നൽകിയ മൊഴി. നിധിയുടെ സഹോദരി ആരതിയും സാഗറും സുഹൃത്തുക്കളായിരുന്നു. എന്നാൽ ഈ ബന്ധത്തെ നിധിയും രാഹുലും എതിർത്തു. പക്ഷേ, ഇവരുടെ എതിർപ്പുകൾ മറികടന്ന് ആരതി സാഗറുമായുള്ള സൗഹൃദം തുടർന്നു. വിവാഹത്തിന് ശേഷവും ആരതി സാഗറുമായി സൗഹൃദം സൂക്ഷിക്കുന്നതും ഇവർ തമ്മിൽ നേരിട്ടുകാണുന്നതും പതിവായിരുന്നു. ഇതോടെയാണ് യുവാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നായിരുന്നു നിധിയുടെ മൊഴി.

Related News