സംസ്ഥാനത്ത് ഓട്ടോ ടാക്‌സി ചാർജുകൾ കൂടും; ബസ് ചാർജും വർദ്ധിക്കുമെന്ന് ഗതാഗത മന്ത്രി

  • 22/03/2022

തിരുവനന്തപുരം:  സംസ്ഥാനത്ത് ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടുമെന്നുറപ്പായി. ഓട്ടോ മിനിമം ചാർജ് 25 ൽ നിന്ന് 30 ആകും. ചാർജ് വർദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം സർക്കാർ എടുക്കുമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. ഓട്ടാ, ടാക്‌സി നിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആൻറണി രാജു ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ചർച്ച ചെയ്ത ശേഷമാണ് ഗതാഗത മന്ത്രി മാധ്യമങ്ങളെ കണ്ടത്. 

ഓട്ടോ ടാക്‌സി ചാർജ് വർധന എന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്നുണ്ട്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി മൂന്ന് സിറ്റിംഗ് നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അവസാനം ഓട്ടോ ടാക്‌സി ചാർജ് കൂട്ടിയത് നാല് കൊല്ലം മുമ്പാണെന്നും അതിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വലിയ വർദ്ധനയുണ്ടായതായും ഗതാഗത മന്ത്രി പറഞ്ഞു.

നിലവിൽ 25 രൂപ മിനിമം ചാർജുള്ള ഓട്ടോ ചാർജ് 30 ആക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ നിർദേശം. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കണമെന്നും കമ്മിറ്റി നിർദേശിക്കുന്നു. ടാക്‌സി നിരക്ക് 210 ഉം 240 ഉം മിനിമം ചാർജ് ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ ചെയ്തു. ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ ചാർജ് വർദ്ധനയിൽ അന്തിമ തീരുമാനമെടുക്കും. ബസ് ചാർജിലും വർധനയുണ്ടാകുമെന്നും ആൻറണി രാജു പറഞ്ഞു. സർക്കാർ തീരുമാനം ഉടനുണ്ടാകുമോ എന്ന ചോദ്യത്തോട് ഈ മാസം മുപ്പതാം തീയതി എൽഡിഎഫ് യോഗമുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Related News