രണ്ടുമാസം പ്രായമുള്ള കുഞ്ഞ് വീട്ടിലെ മൈക്രോവേവ് ഓവനുള്ളില്‍ മരിച്ച നിലയില്‍

  • 22/03/2022

ന്യൂഡല്‍ഹി: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിലെ മൈക്രോവേവ് ഓവനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ദില്ലിയിലെ ചിരാഗ് ദില്ലി മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഗുല്‍ഷാന്‍ കൗഷിക്-ഡിംപിള്‍ കൗഷിക് ദമ്പതിമാരുടെ മകള്‍ അനന്യയെയാണ് മരിച്ച നിലയില്‍ കണ്ടത്. 

തിങ്കളാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ വീട്ടിലെ മൈക്രോവേവ് ഓവനില്‍ മരിച്ചനിലയില്‍ കണ്ടത്. ഡിംപിള്‍ വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടിരുന്നു. സംഭവസമയം ഡിംപിളും നാലുവയസ്സുള്ള മകനും രണ്ട് മാസം പ്രായമുള്ള മകളും മാത്രമാണ് വീടിനകത്തുണ്ടായിരുന്നത്. ഡിംപിള്‍ വാതില്‍ പൂട്ടിയിട്ടതോടെ ഭര്‍തൃമാതാവ് ബഹളംവെച്ച് അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാര്‍ ചില്ലുകള്‍ തകര്‍ത്താണ് വീടിനകത്തേക്ക് കയറിയത്. അയല്‍ക്കാരാണ് പൊലീസിന്‍റെ സഹായം തേടിയത്. വീടിനകത്ത് പരിശോധിച്ചപ്പോള്‍ യുവതിയും നാലുവയസ്സുള്ള മകനും അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. 

എന്നാല്‍ രണ്ടുമാസം പ്രായമുള്ള മകളെ മാത്രം മുറിയില്‍ കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ എല്ലായിടത്തും തിരച്ചില്‍ നടത്തി. ഇതിനിടെയാണ് രണ്ടാംനിലയിലെ മുറിയിലുണ്ടായിരുന്ന മൈക്രോവേവ് ഓവനുള്ളില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതോടെ അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡിംപിളിന്റെ ഭര്‍ത്താവ് ഗുല്‍ഷന്‍ സമീപപ്രദേശത്ത് തന്നെ വ്യാപാരസ്ഥാപനം നടത്തിവരികയാണ്. സംഭവസമയത്ത് ഇദ്ദേഹം കടയിലായിരുന്നു. പെണ്‍കുട്ടിയുടെ ജനനത്തില്‍ അമ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് സൂചന. കുഞ്ഞിനെ അമ്മയായ ഡിംപിള്‍ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതിമാരെ ചോദ്യംചെയ്തുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍(സൗത്ത്) ബെനീറ്റ മേരി ജയ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Related News