ഡീസൽ വില വർധന; കെഎസ്ആർടിസിയുടെ ഹർജിയിൽ സ്റ്റേ ഇല്ല; നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടരുത് എന്ന് കേന്ദ്രം

  • 22/03/2022

കൊച്ചി: ഡീസൽ വില വർധന നടപടി സ്റ്റേ ചെയ്യണമെന്ന കെ എസ് ആർ ടി സിയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.  കെ.എസ്.ആർ.ടി സി യുടെ ഹർജിയിൽ ഇടക്കാല ഉത്തരവുമില്ല.വില ഇനിയും വർധിപ്പിക്കരുത് എന്ന് നിർദേശിച്ചു ഇടക്കാല ഉത്തരവ് ഇടണമെന്നായിരുന്നു കെ എസ് ആർ ടി സിയുടെ ആവശ്യം. എണ്ണക്കമ്പനികളുടെ നടപടി കടുത്ത വിവേചനമാണെന്നും അത് കെ എസ് ആർ ടി സിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും കെ എസ് ആർ ടി സി വ്യക്തമാക്കിയിരുന്നു.

അതേസമയം വിലനിർണയം അടക്കമുള്ള നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടരുത് എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് വിലനിർണയം അടക്കമുള്ള നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടരുത് എന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഡീസൽ വില നിർണയ രീതി വ്യക്തമാക്കി കോടതിക്ക് മറുപടി നൽകാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രം നിർദേശവും നൽകി. പൊതു സേവനങ്ങളെ എങ്ങനെ വാണിജ്യ സേവങ്ങൾക്ക് സമ്മാനമായി കാണാനാകും എന്ന് കോടതി ചോദിച്ചു. 

കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയ നടപടി കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കെ എസ് ആർ ടി സിയുടെ വാദം. ബൾക്ക് പർച്ചേസ് വിഭാഗത്തിൽഉൾപ്പെടുത്തിയായിരുന്നു എണ്ണക്കമ്പനികൾ വില വർധിപ്പിച്ചത്.സാധാരണ വിപണി നിരക്കിൽ ഡീസൽ നൽകാൻ എണ്ണക്കമ്പനികൾക്കും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനോടും നിർദേശിക്കണമെന്നായിരുന്നു ഹർജിയിൽ കെ.എസ് ആർ ടി സി യുടെ ആവശ്യം.

Related News