ഇന്ധന-പാചകവാതക വില വർധനക്കെതിരെ പാർലമെന്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

  • 22/03/2022

ദില്ലി: ഇന്ധന-പാചകവാതക വില വർധനക്കെതിരെ പാർലമെൻറിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. വില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ടിഎംസി, സിപിഎം, അടക്കമുള്ള പതിനൊന്ന് പാർട്ടികളിലെ എംപിമാർ സഭ നടപടികൾ ബഹിഷ്‌കരിച്ചു. വില വർധന വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അംഗീകരിച്ചില്ല. 

ഇന്ധന വില വർധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടി രൂപയാണ് മോദി സർക്കാർ സമ്പാദിക്കുന്നതെന്ന് കോൺഗ്രസ് രാജ്യസഭാ നേതാവ് മല്ലികാർജ്ജുൻ ഖാർഖെ വിമർശിച്ചു. ഇന്ധന-പാചകവാതക വിലയുടെ ലോക്ഡൗൺ സർക്കാർ അവസാനിപ്പിച്ചുവെന്നായിരുന്നു രാഹുൽഗാന്ധിയുടെ പരിഹാസം. 

പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വർധന. ക്രൂഡ് ഓയിൽ വിലയിലും വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Related News