നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് നോട്ടീസ്, അസൗകര്യം അറിയിച്ച് ദിലീപ്

  • 22/03/2022

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ്. ഈ മാസം 24 ന് ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൻറെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ദിലീപിന് നോട്ടീസ്  അയച്ചത്.  തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിർണ്ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

എന്നാൽ നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 24 ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാൽ മറ്റൊരു ദിവസം നൽകണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലവിൽ അന്തിമഘട്ടത്തിലാണ്. ഏപ്രിൽ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തുകൾക്ക് പിന്നാലെയാണ് കേസിൽ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്.  കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു.

അതേസമയം ദിലീപിൻറെ ഫോണിലെ തെളിവുകൾ നീക്കിയ സംഭവത്തിൽ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി. സായ് ശങ്കർ നിലവിൽ പ്രതിയല്ലെന്നും മൊഴി നൽകാൻ വിളിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമുള്ള പ്രോസിക്യൂഷൻ നിലപാടിനെ തുടർന്നാണ് നടപടി. അന്വേഷണ സംഘത്തിന് മുന്നിൽ ഏഴ് ദിവസത്തിനകം ഹാജരാകാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പൊലീസ് പീഡനമാരോപിച്ച് സായ് ശങ്കർ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന  ദീലീപിൻറെ ഹർജി ഹൈക്കോടതി  ചൊവ്വാഴ്ച  പരിഗണിക്കും.

Related News