സർവേ കല്ലുകൾ പിഴുതെറിഞ്ഞു; അനൂപ് ജേക്കബ് എംഎൽഎ അടക്കം 13 പേർക്കെതിരേ കേസ്

  • 22/03/2022

കൊച്ചി: ചോറ്റാനിക്കരയിൽ കെ-റെയിൽ വിരുദ്ധ സമരത്തിൽ സർവേ കല്ലുകൾ പിഴുതെറിഞ്ഞ സംഭവത്തിൽ അനൂപ് ജേക്കബ് എംഎൽഎ അടക്കം 13 പേർക്കെതിരേ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കെ-റെയിലുമായി ബന്ധപ്പെട്ട സർവേ നടപടികൾ തടയുകയും സർവേ കല്ലുകൾ പിഴുതെറിയുകയും ചെയ്തതിനാണ് മുൻ മന്ത്രി അനൂപ് ജേക്കബിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള യുഡിഫ് നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇതോടൊപ്പം കണ്ടാലറിയുന്ന 25 പേർക്കെതിരേയും ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോറ്റാനിക്കര പോലീസാണ് കേസ് രജസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെ ചോറ്റാനിക്കരയിൽ കെ-റെയിൽ സർവേക്കല്ലുകൾ സ്ഥാപിക്കുന്നതിൽ യു.ഡി.എഫിന്റെയും കെ-റെയിൽ വിരുദ്ധ സമര സമിതിയുടെയും നാട്ടുകാരുടെയും കനത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. കല്ലിടൽ കരഭൂമിയിലേക്ക് കടന്നതോടെ യു.ഡി.എഫ്. പ്രവർത്തകർ തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. സ്ത്രീകൾ ഉൾപ്പെടെ അമ്പതോളം പേർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇതിനേതുടർന്ന് തിങ്കളാഴ്ച സർവേ നടപടികൾ നിർത്തിവച്ചിരുന്നു.

Related News