വ്യാജകേസുണ്ടാക്കി അപകട ഇൻഷുറൻസ് തട്ടിയെടുത്തു; പൊലീസുകാരും അഭിഭാഷകരും ഉൾപ്പടെ 26 പേരെ പ്രതിചേർത്തു

  • 22/03/2022

തിരുവനന്തപുരം: വ്യാജ രേഖകൾ ചമച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ 26 പേരെ പ്രതി ചേർത്തു. അഞ്ച് പൊലീസുകാരും ഒരു അഭിഭാഷകനും ഉൾപ്പടെയാണ് 26 പ്രതികൾ. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത അഞ്ചുകേസുകളിലാണ് 26 പേരെ പ്രതി ചേർത്തത്. വാഹനാപകട ഇൻഷുറൻസിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ തട്ടിപ്പാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തും തമിഴ്‌നാട്ടിലും നടന്ന അപകടങ്ങൾ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവെന്ന് എഫ്‌ഐആറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമം നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. 

മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു വാഹന അപകട എഫ്‌ഐആറിൽ പ്രതി ഓട്ടോ ഡ്രൈവറായ സുരേഷ് കുമാറാണ്. മ്യൂസിയം ഭാഗത്ത് നിന്നും നന്ദൻകോട് ഭാഗത്തേക്ക് അമിത വേഗത്തിൽ സുരേഷ് ഓടിച്ച വാഹനമിടിച്ച് തമിഴ്‌നാട് സ്വദേശി രാജനെന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് എഫ്‌ഐആർ. 2018 ആഗസ്റ്റ് 29ന് നടന്നതായി പറയുന്ന സംഭവത്തിന് കേസെടുത്ത് 2019 ജനുവരി ഏഴിനാണ്. 

അതേമാസം പത്തിന് ഓട്ടോയുടെ വലതു വശത്ത് അപകടമുണ്ടായതിൽ വാഹനത്തിന് തകരാറുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ടും നൽകി. തിരുവനന്തപുരം എംഎസിടി കോടതിയിൽ 12 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജൻ കേസ് നൽകി. അപകടം നടന്ന് നാലു മാസത്തിനുശേഷം കേസെടുത്തതും വാഹനത്തിന്റെ കേടുപാടുകൾ നാലുമാസമായി പരിഹരിക്കാത്തതുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മ്യൂസിയം ഭാഗത്ത് രാജനുണ്ടായ അപകടം വ്യാജമാണെന്നാണ് ക്രൈം ബ്രാഞ്ചിൻറെ കണ്ടെത്തൽ.

Related News