ഇന്ധന വിലവർധന; പാർലമെന്റിന്റെ രാജ്യസഭയിലും ഇന്നും ബഹളം, സഭ നിർത്തിവച്ചു

  • 23/03/2022

ദില്ലി: പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ധന വിലവർധനക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയം ഇപ്പോൾ ഉന്നയിക്കാനാവില്ലെന്ന് രാജ്യസഭാധ്യക്ഷൻ നിലപാട് എടുത്തതോടെ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തെ തുടർന്ന് ലോകസഭയും രാജ്യസഭയും നിർത്തിവച്ചു. പാർലമെൻറിൽ വീണ്ടും ഇന്ധന പാചക വാതക വില വർധനവ് ഉന്നയിക്കാൻ പ്രതിപക്ഷം. ഇന്ധന വിലവർധനവിൽ രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തരപ്രമേയ നോട്ടീസ് നൽകി. 

കെ മുരളീധരൻ എംപിയാണ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയിൽ കോൺഗ്രസ് എംപി ശക്തി സിങ് ഗോഹിലാണ് ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. വിഷയം ഇപ്പോൾ ഉന്നയിക്കാനാവില്ലെന്ന് രാജ്യസഭാധ്യക്ഷൻ നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇന്ധന പാചക വാതക വില വർധനവ്  ഇന്നലെ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയെങ്കിലും തളളിയിരുന്നു.

ഇന്ധന പാചകവാതക വില വർധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നലെ പാർലമെൻറ് സ്തംഭിച്ചിരുന്നു. ചർച്ച വേണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപോയി. പാർലമെൻറിന് പുറത്തും പ്രതിഷേധമിരമ്പി. ചർച്ചയാവശ്യപ്പെട്ട് നൽകിയ നോട്ടീസ്  തള്ളിയതോടെ കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എംപിമാരടക്കം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിൽ നടപടികൾ സ്തംഭിച്ചു. അധിർ രഞ്ജൻ ചൗധരിയാണ് ലോക്‌സഭയിൽ വിഷയമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ വില വർധനയുണ്ടാകുമെന്ന ആശങ്ക യാഥാർത്ഥ്യമായെന്ന് അധിർ രഞ്ജൻ പറഞ്ഞു. ഡിഎംകെ, ടിഎംസി, തുടങ്ങിയ കക്ഷികളും പ്രതിഷേധമുയർത്തി. അടിയന്തര പ്രമേയ നോട്ടീസുകൾ സ്പീക്കർ തള്ളിയതോടെ ലോക്‌സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി.

Related News