മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കൊന്ന് പുതപ്പിട്ട് മൂടി ഭര്‍ത്താവ് മുങ്ങി, ഒടുവില്‍ പിടിയില്‍

  • 23/03/2022

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് പിടിയില്‍. അസം ബൊങ്കൈഗാവോണ്‍ ജില്ലയിലെ മണിക്പുര്‍ ലൂംഝാര്‍ സ്വദേശി ചാഫിയാര്‍ റഹ്‌മാനെ (33) അറസ്റ്റ്‌ ചെയ്തു. മങ്കട ഏലച്ചോലയില്‍ അസം സ്വദേശിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് പിടിയിലായത്.  

ഭാര്യ ഹുസ്നറ ബീഗത്തെ (28) മാര്‍ച്ച് എട്ടിനാണ് ഇയാള്‍ കൊലപ്പെടുത്തിയത്. വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് ശേഷം കുട്ടികളേയും കൂട്ടി രക്ഷപെട്ട പ്രതിയെ അരുണാചല്‍പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കടുത്തുള്ള ഒളിത്താവളത്തില്‍ നിന്നാണ് മലപ്പുറത്തെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 

മുറിയില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ട അയല്‍ക്കാര്‍ മങ്കട പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.  പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് ബോധ്യപ്പെട്ടു. സ്ഥലത്ത് നിന്നും കാണാതായ ഭര്‍ത്താവ് ചാഫിയാര്‍ റഹ്മാനേയും രണ്ട് കുട്ടികളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ നിന്നും ചെന്നൈ ഭാഗത്തേക്ക് ട്രയിന്‍ കയറിയതായി വിവരം ലഭിച്ചു.

ആസ്സാമില്‍ ബൊങ്കൈഗാഓണ്‍ ജില്ലയില്‍ ചാഫിയാര്‍ റഹ്മാന്‍റെ താമസസ്ഥലത്തും ബന്ധുവീടുകളിലും മറ്റും രഹസ്യമായി പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അരുണാചല്‍ പ്രദേശ് ചൈനാ അതിര്‍ത്തിപ്രദേശമായ റൂയിംഗ് എന്ന സ്ഥലത്ത് ചാഫിയാര്‍ റഹ്മാന്‍ ഒളിവില്‍ കഴിയുകയാണെന്ന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ ചാഫിയാര്‍ റഹ്മാന്‍ കുറ്റം സമ്മതിച്ചു.

ഭാര്യയെ സംശയിച്ചിരുന്നതായും അടുത്തിടെ ഭാര്യയുടെ ഫോണ്‍വിളികളും മറ്റും കൂടുതല്‍ സംശയത്തിനിടയാക്കിയതായും ചാഫിയാര്‍ റഹ്മാൻ പറഞ്ഞു.ഇതിനെ ചൊല്ലി ഈ മാസം 8 ന് രാത്രിയില്‍ ഭാര്യയുമായി വഴക്കിടുകയും കുട്ടികള്‍ ഉറക്കമായതിന് ശേഷം രാത്രി 11 മണിയോടെ ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയും ചെയ്തു.ശേഷം മൃതശരീരം പുതപ്പ് കൊണ്ട് മൂടിയിട്ട് പിറ്റേദിവസം അതിരാവിലെ മുറി പൂട്ടി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി കുട്ടികളുമായി ഏലച്ചോലയില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

Related News