പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി പിണറായി വിജയൻ; കെ റെയിലടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും

  • 23/03/2022

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. നാളെ ഉച്ചയ്ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതപ്പെടുന്നത്. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാനത്ത് വലിയ ചർച്ചയായിരിക്കുന്ന ഘട്ടത്തിൽ ഇരുവരുടെയും കൂടിക്കാഴ്ച നിർണായകമാകും. കൂടിക്കാഴ്ചയിൽ കെ റെയിലടക്കമുള്ള വിഷയങ്ങൾ ചർച്ചയാകാൻ സാധ്യതയുണ്ട് എന്നാണ് സൂചന.

കെ റെയിലിനെതിരായ പ്രതിഷേധം ഇന്നും തുടരുകയാണ്. എറണാകുളം ചോറ്റാനിക്കരയിൽ കെ റെയിൽ സർവ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം ഉയർന്നു.  എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ അതിരടയാള കല്ലുകൾ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. 

കെ റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാൽ തടയുമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘർഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെ നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചത്. ഇരുനൂറോളം പേരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്.

Related News