വീട് പോവാതിരിക്കാൻ സജി ചെറിയാൻ കെ റെയിൽ അലൈൻമെന്‍റ് മാറ്റിയെന്ന് തിരുവഞ്ചൂർ; നിഷേധിച്ച് മന്ത്രി

  • 23/03/2022

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മന്ത്രിയുടെ വീട് സംരക്ഷിക്കാൻ വേണ്ടി ചെങ്ങന്നൂരിൽ കെ റെയിൽ അലൈൻമെന്‍റിൽ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്‍റെ ആരോപണം. എന്നാൽ എല്ലാ ആരോപണങ്ങളെയും മന്ത്രി സജി ചെറിയാൻ തള്ളിക്കളഞ്ഞു.


അലൈൻമെന്‍റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കിൽ തന്നെ വീട് വിട്ടു നൽകാൻ തയ്യാറാണെന്നും സജി ചെറിയാൻ പറ‍ഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നൽകാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാൻ അവകാശപ്പെട്ടു.

പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാൽ അലൈൻമെന്‍റിലെ മാറ്റം മനസിലാകുമെന്നാണ് തിരുവഞ്ചൂർ പറയുന്നത്. സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും തിരുവഞ്ചൂർ കോട്ടയത്ത് വച്ച് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഇടപെലും നടത്തിയിട്ടില്ലെന്നും വീടും സ്ഥലം പാലിയേറ്റീവ് സൊസൈറ്റിക്കായി നൽകാൻ തീരുമാനിച്ചതാണെന്നുമുള്ള സജി ചെറിയാന്റെ പ്രസ്താവന.

Related News