സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ 59കാരി കുഴഞ്ഞുവീണ് മരിച്ചു

  • 23/03/2022

വര്‍ക്കല: സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ 59കാരി കുഴഞ്ഞുവീണ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് മരിച്ചത്. വര്‍ക്കല സൗത്ത് ക്ലിഫിലെ എലിക്‌സര്‍ ബീച്ച് റിസോര്‍ട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരം 4:30-ഓടെയായിരുന്നു സംഭവം. ഉത്തര്‍ പ്രദേശിലെ ലക്നൗ ഗോമട്ടിനഗര്‍ 5/35 വിപുല്‍ കാന്തില്‍ വിദ്യാ രാഘവന്‍(59) ആണ് മരിച്ചത്.

വര്‍ക്കല കുരയ്ക്കണ്ണി വലിയവീട്ടില്‍ ക്ഷേത്രത്തിന് സമീപം ദേവപ്രജ വില്ലയില്‍ കഴിഞ്ഞ മൂന്ന് മാസമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. പതിവായി ഇവര്‍ പെരുംകുളത്തെ റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളില്‍ നീന്താന്‍ എത്തുമായിരുന്നു. വിനോദസഞ്ചാരിയായി എത്തിയ ഇവര്‍ ഓണ്‍ലൈന്‍ ക്ലാസ് അധ്യാപിക കൂടിയായിരുന്നു. 

ചൊവ്വാഴ്ച 3.30-ഓടെ എത്തിയ ഇവര്‍ നീന്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ റിസോര്‍ട്ട് അധികൃതര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് വര്‍ക്കല പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related News