ശ്രീലങ്കൻ അഭയാർത്ഥികൾക്ക് ക്യാമ്പ് സജ്ജമാക്കി ഇന്ത്യ; ജയിലിലേക്ക് മാറ്റില്ല

  • 24/03/2022

ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംനിരിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കൻ അഭയാർത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. രാമേശ്വരത്ത് അഭയാർത്ഥികളായി എത്തുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ എത്തിയ 15 പേരെ പുലർച്ചെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചിട്ടുണ്ട്.


നേരത്തെ, അഭയാർത്ഥികളെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയിൽ 67 ക്യാമ്പുകൾ സജ്ജമെന്ന് അധികൃതർ അറിയിച്ചു. ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേർ അഭയാർത്ഥികളായി എത്തുമെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ വിലയിരുത്തൽ. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസസിയെ തുടർന്ന് ഇന്ത്യയിലേക്ക് കൂടുതൽ അഭയാർത്ഥികൾ എത്താനുള്ള സാധ്യത പരിഗണിച്ച് തമിഴ്നാട് തീരത്ത് ജാഗ്രത തുടരുന്നുണ്ട്.

തീരസംരക്ഷണ സേനയും തമിഴ്നാട് പൊലീസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ മാത്രം കടൽദൂരമുള്ള രാമേശ്വരത്തേക്ക് കൂടുതൽ അഭയാർത്ഥികൾ എത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.

Related News