ദുബൈയിലേക്ക് ആഴ്‍ചയില്‍ 44 വിമാനങ്ങള്‍‍; ഞായറാഴ്‍ച മുതല്‍ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകളും വര്‍ദ്ധിക്കും

  • 24/03/2022


കൊച്ചി: അന്താരാഷ്‍ട്ര വ്യോമ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ മാര്‍ച്ച് 27ന് അവസാനിക്കാനിരിക്കെ കൊച്ചി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അന്താരാഷ്‍ട്ര യാത്രകള്‍ക്ക് രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം എന്ന ഖ്യാതിയുള്ള കൊച്ചിയില്‍ നിന്ന് അടുത്തയാഴ്‍ച മുതല്‍ ആഴ്‍ചയില്‍ 1190 സര്‍വീസുകളുണ്ടാകും. ഇപ്പോള്‍ ഇത് 848 ആണ്.

ആഭ്യന്തര - അന്താരാഷ്‍ട്ര സെക്ടറുകളിലെല്ലാം സര്‍വീസുകളുടെ എണ്ണം കൂടുമെന്ന് സിയാല്‍ പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു. 20 എയര്‍ലൈനുകള്‍ വിദേശത്തെ വിവിധ നഗരങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍ നടത്തും. ഇവയില്‍ 16 എണ്ണവും വിദേശ എയര്‍ലൈനുകളാണ്. 

ഇന്റിഗോ ആയിരിക്കും കൊച്ചിയില്‍ നിന്ന് ഏറ്റവുമധികം വിദേശ സര്‍വീസുകള്‍ നടത്തുക. ആഴ്‍ചയില്‍ 42 വിദേശ സര്‍വീസുകളാണ് കൊച്ചിയില്‍ നിന്ന് അടുത്തയാഴ്‍ച മുതല്‍ ഇന്റിഗോയ്‍ക്കുള്ളത്. 38 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യ ബെര്‍ഹാദുമാണ് തൊട്ടുപിന്നില്‍. ഇത്തിഹാദ് - 21, എമിറേറ്റ്സ് - 14, ഒമാന്‍ എയര്‍ - 14, ഖത്തര്‍ എയര്‍വേയ്‍സ് - 14, സൗദി അറേബ്യന്‍ എയര്‍ലൈസന്‍സ് - 14, കുവൈത്ത് എയര്‍ലൈന്‍സ് - 8, തായ് എയര്‍ലൈന്‍സ് - 4, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് - 10, ഗള്‍ഫ് എയര്‍ - 7, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് - 7, സ്‍പ്ലൈസ്ജെറ്റ് - 6, ഫ്ലൈ ദുബൈ - 3 എന്നിങ്ങനെയാണ് മറ്റ് പ്രധാന കമ്പനികളുടെ പ്രതിവാര സര്‍വീസുകളുടെ എണ്ണം.

ദുബൈയിലേക്കായിരിക്കും പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ഏറ്റവുമധികം വിമാനങ്ങള്‍ പറക്കുക. ആഴ്‍ചയില്‍ 44 സര്‍വീസുകള്‍ ദുബൈയിലേക്കും 42 സര്‍വീസുകള്‍ അബുദാബിയിലേക്കുമുണ്ടാകും. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആഴ്‍ചയിലെ മൂന്ന് സര്‍വീസുകള്‍ തുടരും. ബാങ്കോങ്കിലേക്ക് നാല് പ്രതിവാര വിമാനങ്ങളുമുണ്ടാകും. രണ്ട് വര്‍ഷത്തിന് ശേഷം എയര്‍ ഏഷ്യ ക്വലാലമ്പൂരിലേക്കുള്ള സര്‍വീസുകളും മാര്‍ച്ചില്‍ തന്നെ പുനഃരാരംഭിക്കും. 

രാജ്യത്തെ 13 നഗരങ്ങളിലേക്കായി ആഴ്‍ചയില്‍ 668 ആഭ്യന്തര സര്‍വീസുകളാണ് ഇപ്പോള്‍ നിജപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലേക്ക് 63ഉം മുംബൈയിലേക്ക് 55ഉം ഹൈദരാബാദിലേക്ക് 39ഉം ചെന്നൈയിലേക്ക് 49ഉം ബംഗളുരുവിലേക്ക് 79ഉം കൊല്‍ക്കത്തയിലേക്ക് ഏഴും സര്‍വീസുകളാണുണ്ടാവുക. പൂനെ, തിരുവനന്തപുരം, മൈസൂര്‍, കണ്ണൂര്‍, ഹുബ്ലി, അഗത്തി, അഹമദാബാദ് എന്നിവിടങ്ങളിലേക്ക് ദിവസേന വിമാനങ്ങളുണ്ടാകും. 

Related News