സിൽവർലൈൻ പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • 24/03/2022

ന്യൂഡൽഹി: സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും 20 മിനിറ്റോളം ചർച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസുമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നാല് മണിക്ക് മാധ്യമങ്ങളെ കാണുമ്പോൾ അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്ക് ശേഷം പറഞ്ഞു.

സിൽവർലൈനെതിരായ സമരം ശക്തമാകുമ്പോൾ കേന്ദ്രാനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിൽ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ സമരം ഡൽഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായി പാർലമെന്റിലേക്ക് യുഎഡിഎഫ് എംപിമാർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

എംപിമാരെ ഡൽഹി പോലീസ് കൈയേറ്റം ചെയ്തു. ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ തുടങ്ങിയ എംപിമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹി പോലീസിന്റെ അതിക്രമം എംപിമാർ പാർലമെന്റിൽ ഉന്നയിച്ചതിനെ തുടർന്ന് സംഭവിച്ച കാര്യങ്ങൾ എഴുതി നൽകാൻ ലോക്സഭാ സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടിരിക്കുകയാണ്.

Related News