ബഫർ സോൺ ഭൂമിക്ക് നഷ്ടപരിഹാരമില്ല; 5 മീറ്ററിൽ നിർമാണത്തിനും അനുമതിയില്ല

  • 24/03/2022

തിരുവനന്തപുരം: സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ബഫർ സോണിൽ വ്യക്തത വരുത്തി കെ റെയിൽ. ബഫർ സോൺ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കൽ പരിധിയിൽ വരുന്നത്. ഈ സ്ഥലത്തിന് മാത്രമാകും നഷ്ടപരിഹാരം ലഭിക്കുക. 

പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫർസോൺ മേഖലയുണ്ടാകുക. സിൽവർലൈൻ പാത കടന്നുപോകുന്നതിനായി സമതല പ്രദേശത്ത് 15 മീറ്റർ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളിൽ 25 മീറ്റർ വീതിയിലുമാണ് കെ റെയിൽ സ്ഥലം ഏറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടും.

എന്നാൽ ഈ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായി പത്ത് മീറ്റർ വീതിയിൽ ബഫർസോൺ നിശ്ചയിക്കുന്നുണ്ട്. ഈ സ്ഥലത്തിന് ഉടമകൾക്ക് നഷ്ടപരിഹാരം കിട്ടുകയുമില്ല. ബഫർസോണിലെ അഞ്ചു മീറ്ററിൽ ഒരു നിർമാണ പ്രവർത്തനങ്ങളും അനുവദിക്കുകയുമില്ല. ബാക്കി അഞ്ചു മീറ്ററിൽ നിർമാണങ്ങൾക്ക് പ്രത്യേക അനുമതിയും വേണം. ഭാവി വികസനവും സുരക്ഷയും പരിഗണിച്ചുകൊണ്ട് മാത്രമേ ഈ അഞ്ച് മീറ്ററിൽ നിർമാണത്തിന് അനുമതി നൽകുകയുള്ളൂ. ഫലത്തിൽ ഈ സ്ഥലത്തിന് നഷ്ടപരിഹാരവും കിട്ടുകയില്ല. അതുകൊണ്ട് ഉപയോഗവും ഇല്ലാത്ത സ്ഥിതിയിലാകും.

Related News