മദ്യലഹരിയില്‍ ടിടിഇ യാത്രക്കാരിക്ക് നേരെ അശ്ലീല ചേഷ്ടകള്‍ കാണിച്ചു; ഉറങ്ങിക്കിടന്ന മകന്‍റെ ദേഹത്ത് മൂത്രമൊഴിച്ചതായി പരാതി

  • 24/03/2022

നവിമുംബൈ: മദ്യലഹരിയില്‍ യാത്രക്കാരിയോടും മകനോടും ടിടിഇ അപമര്യാദയായി പെരുമാറിയതായി പരാതി. ഡല്‍ഹി സ്വദേശിയായ മനീഷ് മീണ(34)യാണ് യാത്രക്കാരിയോടും മകനോടും അപമര്യാദയായി പെരുമാറിയത്. ഇയാള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തു. കര്‍ജാത് റെയില്‍വേ പോലീസാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി ടിടിഇയ്ക്കെതിരെ കേസെടുത്തത്. 

മാര്‍ച്ച് ഏഴാം തീയതി ഹസ്രത് നിസാമുദ്ദീന്‍-പൂണെ തുരന്തോ എക്‌സ്പ്രസിലാണ് സംഭവം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നാണ് യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകനും പൂണെയിലേക്ക് യാത്ര തിരിച്ചത്. തീവണ്ടിയിലെ ടി.ടി.ഇയായ മനീഷ് യുവതിക്ക് നേരേ അശ്ലീല ചേഷ്ടകള്‍ കാണിച്ചെന്നും ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മകന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്നുമാണ് പരാതി. ജോലിസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൂണെ സ്വദേശിയായ 28-കാരി നല്‍കിയ പരാതിയില്‍ പറയുന്നു. 

ബര്‍ത്തില്‍ ഉറങ്ങുന്നതിനിടെയാണ് യുവതിയുടെ മകന്റെ ദേഹത്ത് ടി.ടി.ഇ. മൂത്രമൊഴിച്ചത്. ഉറങ്ങുന്നതിനിടെ  മകന്റെ കരച്ചില്‍ കേട്ടാണ് പരാതിക്കാരി എഴുന്നേറ്റത്. നോക്കിയപ്പോള്‍ ടി.ടി.ഇ.യായ മനീഷ് യുവതിയുടെ മുന്നില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ഇയാള്‍ മകന്റെ ദേഹത്ത് മൂത്രമൊഴിച്ചിരുന്നതായും പിന്നാലെ തനിക്ക് നേരേ അശ്ലീലചേഷ്ടകള്‍ കാണിച്ചതായും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

(പ്രതീകാത്മക ചിത്രം)

Related News