രാജ്യത്ത് വീണ്ടും കുതിച്ചുയർന്ന് ഇന്ധനവില; പെട്രോളിനും ഡീസലിനും വില കൂട്ടി

  • 25/03/2022

ദില്ലി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വർദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയർത്തുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്.

വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോൾ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും. 

ഓട്ടോ ടാക്‌സി നിരക്ക് കൂട്ടുന്ന കാര്യം സർക്കാരിൻറെ പരിഗണനയിലാണ്. ബസ് ചാർജ്ജ് വർദ്ധനക്കായി സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക് നീങ്ങുന്നു. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാർക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറിക്കൂലി ഉയർന്നു. എല്ലാ സാധനങ്ങളുടേയും വില കൂടും. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വർധിക്കാൻ കാരണമാകും. വായ്പുകളുടെ പലിശ ഉയരും. ജീവിത ചിലവ് കൂടും. 

Related News