അഭയാർത്ഥികളായി പരിഗണിക്കണം, ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്ത് എത്തിയ തമിഴ്‌വംശജർ കളക്ടർക്ക് അപേക്ഷ നൽകി

  • 25/03/2022

ചെന്നൈ: അഭയാർത്ഥികളായി പരിഗണിക്കണമെന്ന് ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്ത് എത്തിയ തമിഴ്‌വംശജർ. രാമനാഥപുരം കളക്ടർക്കാണ് ഇവർ അപേക്ഷ നൽകിയത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് വളരെ വേഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് റീഹാബിലിറ്റേഷൻ കമ്മീഷണർ ജസീന്താ ലസാറസ് പറഞ്ഞു. ക്യാമ്പുകളിൽ സൗകര്യം വർദ്ദിപ്പിക്കുമെന്ന് രാമനാഥപുരം ജില്ലാ കളക്ടറും വ്യക്തമാക്കി.

മണ്ഡപം ക്യാമ്പിൽ സന്ദർശിക്കാനെത്തിയ രാമനാഥപുരം ജില്ലാ കളക്ടറേടാണ് ശ്രീലങ്കയിൽ  നിന്നെത്തിയ കുടുംബങ്ങൾ അപേക്ഷ നൽകിയത്. ജീവിതച്ചെലവ് താങ്ങാനാകാത്തവിധം വർധിച്ചതിനാലാണ് കടൽ കടന്ന് എത്തിയത്. കുട്ടികളും മുതിർന്നവരും കൂട്ടത്തിലുണ്ട്. അതിനാൽ സംരക്ഷണം നൽകണമെന്നാണ് ഇവരുടെ ആവശ്യം. 2012 ന് ശേഷം ശ്രീലങ്കയിൽ നിന്നെത്തിയ ആർക്കും ഇന്ത്യ അഭയാർത്ഥി പദവി നൽകയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യം വിടുന്നവരെ സ്വീകരിക്കണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുക്കണം. എന്നാൽ ശ്രീലങ്കയിൽ നിന്നെത്തുന്നവരെ സംരക്ഷിക്കണമെന്ന നിലപാടാണ് തമിഴ്‌നാട് സർക്കാരിന്. 

മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ ഇക്കാര്യത്തിൽ അനുകൂല നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ മണ്ഡപം ക്യാമ്പിലെത്തിയ റീഹാബിലിറ്റേഷൻ കമ്മീഷണറും ശ്രീലങ്കയിൽ നിന്നെത്തിയവർക്കൊപ്പമാണെന്ന നിലപാട് ആവർത്തിച്ചു. തമിഴ്‌നാട് സർക്കാർ  ഉദാരസമീപനം സ്വീകരിച്ചതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ കടൽ കടന്നെത്തും എന്ന കണക്ക് കൂട്ടലിലാണ് രാമനാഥപുരം ജില്ലാ ഭരണകൂടം. അതേസമയം ശ്രീലങ്കയിൽ നിന്ന് തമിഴ് വംശജർ കടൽ കടക്കുന്നത് തടയാൻ സമുദ്ര സുരക്ഷ ശ്രീലങ്കൻ തീരസംരക്ഷണ സേന ശക്തമാക്കി.

Related News