ചൈനീസ് വിദേശകാര്യ മന്ത്രി ദില്ലിയിൽ, നയതന്ത്ര സന്ദർശനം രണ്ട് വർഷത്തിനിടെ ഇതാദ്യം

  • 25/03/2022

ദില്ലി: ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ ദില്ലിയിൽ എത്തി. ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നതനയതന്ത്രപ്രതിനിധി ഇന്ത്യയിൽ എത്തുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്രസർക്കാരിൽ നിന്നുണ്ടായിരുന്നില്ല. വാങ് യീ ദില്ലിയിൽ വിമാനമിറങ്ങിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്. അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞാണ് വാങ് യീ നേരെ ദില്ലിയിൽ എത്തിയത് എന്നാണ് വിവരം. 

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മോദി സർക്കാരിന്റെ തുടക്കകാലത്ത് വളരെ ഊഷ്മളമായിരുന്ന ഇന്ത്യ - ചൈന ബന്ധം അതിർത്തി തർക്കത്തെ തുടർന്ന് പിന്നീട് വഷളായിരുന്നു. ഗൽവാനിലെ ഏറ്റുമുട്ടലിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായി. സൈനിക തലത്തിൽ ആവർത്തിച്ചുള്ള ചർച്ചകൾ സംഘർഷത്തിന്റെ തീവ്രത കുറച്ചെങ്കിലും 2020-ന് മുൻപുള്ള നയതന്ത്രബന്ധത്തിലേക്ക് ഇരുരാജ്യങ്ങളും ഇനിയും എത്തിയിട്ടില്ല. 

എന്നാൽ ഇതേ കാലയളവിൽ മോസ്‌കോയിലും ദുഷാൻബെയിലും വച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ വാങ് യീയെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിൽ, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഒരു ഉച്ചക്കോടിയുടെ ഭാഗമായി ഇരുനേതാക്കളും മോസ്‌കോയിൽ വിപുലമായ ചർച്ചകൾ നടത്തി, ഈ സമയത്ത് കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തിരുന്നു.

Related News