ഹിന്ദുസ്ഥാൻ 228, ചെറുവിമാനങ്ങളിൽ ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പ്; ഉഡാനിൽ അണിനിരന്നേക്കും

  • 25/03/2022

തെലങ്കാന: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് 19 സീറ്റുള്ള പുതിയ ചെറുയാത്രാ വിമാനം പുറത്തിറക്കി. ചെറിയ യാത്രാ വിമാനങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സുപ്രധാന ദൗത്യത്തിന്റെ ആദ്യ ചുവടുവയ്പ്പാണിത്. ഹിന്ദുസ്ഥാൻ 228 എന്നു പേരുനൽകിയ വിമാനത്തിന് എയർസ്ട്രിപ്പുകളിലൂടെ അനായാസം പറന്നുയരാനും ഇറങ്ങാനും സാധിക്കും.

ഇത്തരം വിമാനങ്ങൾക്ക് വിപണിയിൽ വലിയ സാധ്യതകളുണ്ടെന്നും ഹ്രസ്വദൂര യാത്രകൾക്കായി ഇന്ത്യയിലും ലോകത്താകമാനവും സെമി റൺവേകളിൽ പോലും പ്രവർത്തിപ്പിക്കാവുന്ന ഇത്തരം ചെറുവിമാനങ്ങളുണ്ടെന്നും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ജനറൽ മാനേജർ അപൂർബ റോയ് പറഞ്ഞു. മൾട്ടി യൂട്ടിലിറ്റി വിമാനമായ ഈ ചെറു വിമാനങ്ങൾ ആംബുലൻസ്, കാർഗോ, പാരാഡ്രോപ് തുടങ്ങിയ നിരവധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിൽ ആറ് വിമാനങ്ങൾ കൂടി ഉടൻ നിർമിക്കാനാണ് എച്ച്എഎൽ ലക്ഷ്യമിടുന്നത്. അതേസമയം ഈ വിമാനങ്ങളിൽ വലിയ വിമാനങ്ങളിലുള്ള ടോയ്ലെറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. അധികമായി ടോയ്ലെറ്റ് ഉൾപ്പെടുത്തണമെങ്കിൽ സീറ്റുകളുടെ എണ്ണം 17 ആയി പരിമിതപ്പെടും. നിലവിൽ 19 പേർക്കാണ് ഹിന്ദുസ്ഥാൻ 228 വിമാനത്തിൽ സഞ്ചരിക്കാനാവുക. ഇന്ത്യയിലാണ് നിർമാണമെങ്കിലും വിമാനത്തിന്റെ എൻജിൻ വിദേശ നിർമ്മിതമാണ്. ഡോർണിയർ കമ്പനിയുടെതാണ് ഡിസൈൻ. സർവീസിനായി വിമാനം ഒരുങ്ങുന്നതിന് മുന്നോടിയായുള്ള എല്ലാ പരിശോധനകളും നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്.

Related News