യുപി മുഖ്യമന്ത്രിയായി യോഗിക്ക് രണ്ടാമൂഴം, 37 വർഷത്തിന് ശേഷം ഇതാദ്യം

  • 25/03/2022

ലക്‌നൗ: ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് യുപിയിൽ ഒരു മുഖ്യമന്ത്രി അധികാരം നിലനിർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മറ്റു മുതിർന്ന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങൾ എന്നിവർ ലഖ്‌നൗ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പിന്നാലെ യുപി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിനേശ് ശർമ്മയ്ക്ക് പകരം ബ്രാഹ്മണ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബ്രജേഷ് പഥക് ആണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയേയും രണ്ട് ഉപമുഖ്യമന്ത്രിമാരേയും കൂടാതെ 24 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

ആകെ 52 പേരാണ് രണ്ടാം യോഗി സർക്കാരിൽ അംഗമാവുന്നത്. ഇതിൽ 16 പേർക്ക് ക്യാബിനറ്റ് പദവിയുണ്ട്. 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. ഇതിൽ അഞ്ച് പേർ വനിതകളാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ്, ജാഠവ സമുദായ നേതാവ് ബേബി റാണി മൗര്യ എന്നിവർ മന്ത്രിസഭയിലേക്ക് എത്തി. നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദും മന്ത്രിയാകും ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശർമ്മയെ മാറ്റി ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് തന്നെയുള്ള ബ്രജേഷ് പാഠകിനെ ഉപമുഖ്യമന്ത്രിയാക്കിയതാണ് ശ്രദ്ധേയമായ ഒരു മാറ്റം. പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എകെ ശർമയ്ക്കും മന്ത്രി സ്ഥാനം ലഭിച്ചു. രണ്ടാം മോദി സർക്കാരിൽ നിർണായക പദവിയിലേക്ക് അദ്ദേഹം എത്തിയേക്കും എന്നാണ് കരുതുന്നത്.

Related News