ഭര്‍ത്താവിന്‍റെ അറുത്തെടുത്ത തലയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍

  • 25/03/2022

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ഭര്‍ത്താവിനെ തലയറുത്തു കൊലപ്പെടുത്തിയ ശേഷം 50കാരി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. 53കാരനായ രവിചന്ദറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് രവിചന്ദറിന്റെ ഭാര്യയായ വസുന്ധരയെ അറസ്റ്റ് ചെയ്തു. 

തിരുപ്പതിയിലെ റെനിഗുണ്ട ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.  വ്യാഴാഴ്ച രാത്രി വീട്ടില്‍ വൈകിയെത്തിയ രവിചന്ദറുമായി ഭാര്യ വഴക്കിടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു കൊലപാതകം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഓട്ടോയില്‍ പോലീസ് സ്‌റ്റേഷന് മുമ്പിലെത്തിയ സ്ത്രീ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ തലയുമായി നടന്ന് പോലീസ് സ്‌റ്റേഷനുള്ളിലേക്ക് കടന്ന് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. 

25 വര്‍ഷം മുമ്പായിരുന്നു വ്യവസായിയായ രവിചന്ദറിന്റെയും വസുന്ധരയുടെയും വിവാഹം. ഇവര്‍ക്ക് 20 വയസുള്ള ഒരു മകനുമുണ്ട്. അടുത്തിടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നു പൊലീസ് അറിയിച്ചു.

Related News