നിങ്ങളുടെ അപ്രസക്തി വ്യക്തമായി’; വിമര്‍ശിച്ച ഒഐസിയോട് ഇന്ത്യ

  • 25/03/2022


ന്യൂഡല്‍ഹി: മുസ്ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഇസ്ലാമിക് കോര്‍പ്പറേഷന്‍ കശ്മീര്‍ വിഷയത്തില്‍ ഉന്നയിച്ച വിമര്‍ശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. ഒരു സംഘടനയെന്ന നിലയില്‍ ഒഐസിയുടെ അപ്രസക്തിയാണ് വിമര്‍ശനത്തിലൂടെ വ്യക്തമാകുന്നതെന്ന് ഇന്ത്യ തുറന്നടിച്ചു. കഴിഞ്ഞ ദിവസം പാകിസ്താനില്‍ വെച്ച് നടന്ന ഒഐസി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോ ഗത്തില്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് വിവിധ രാജ്യങ്ങള്‍ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതികരണം.

‘യോഗത്തിലെ പ്രസ്താവനകളും പ്രമേയവും ഒരു സംഘടനയെന്ന നിലയില്‍ ഒഐസിയുടെയും അവരെ കബളിപ്പിക്കുന്ന പാകിസ്താന്റെയും അപ്രസക്തി വ്യക്തമാക്കുന്നു,’ കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഒഐസിയുടെ പരാമര്‍ശങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു പരമ്പര തന്നെയുള്ള പാകിസ്താനില്‍ വെച്ച് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് സംഘടന അഭിപ്രായപ്പെട്ടതില്‍ നിന്നും അതിലെ അംസംബന്ധം വ്യക്തമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ അവരുടെ സല്‍പ്പേരിനെയാണ് ഇത് മോശമായി ബാധിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. ചൈന വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ വെച്ച് നടന്ന ഒഐസി യോഗത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 

പാക് വിദേശകാര്യ മന്ത്രി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ നടത്തുന്നത് യുദ്ധ കുറ്റമാണെന്ന് അഭിപ്രായപ്പെട്ടു. ഒഐസി അംഗങ്ങളുടെ പ്രസ്താവനകളെ ചൈന പിന്തുണയ്ക്കുകയും ചെയ്തു. ഒഐസി യോഗത്തില്‍ പ്രത്യേകാതിഥിയായി ഇത്തവണ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും പങ്കെടുത്തിരുന്നു. ആദ്യമാണ് ഒരു ചൈനീസ് പ്രതിനിധി ഒഐസി യോഗത്തില്‍ പങ്കെടുക്കുന്നത്.

Related News