ശ്രീലങ്കയെ ചേർത്ത് പിടിച്ച് ഇന്ത്യ; 40,000 ടൺ ഡീസൽ വാഗ്ദാനം

  • 25/03/2022

ഡല്‍ഹി: കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയെ ചേര്‍ത്തുപിടിച്ച്‌ ഇന്ത്യ. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് വലയുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ വീണ്ടും സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്.


40,000 ടണ്‍ ഡീസല്‍ ആണ് ഇത്തവണ ഇന്ത്യ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വായ്പാ അടിസ്ഥാനത്തില്‍ ശ്രീലങ്കയ്ക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്ന 500 മില്യണ്‍ ഡോളറിന്റെ കരാറിന് പുറമെയാണിത്.

700 കോടി ഡോളറാണ് (50,000 കോടി ഇന്ത്യന്‍ രൂപ) ഇപ്പോള്‍ ലങ്കയുടെ വിദേശകടം. ഇതു വീട്ടാന്‍ അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് 700 കോടി ഡോളര്‍ വായ്പ ആവശ്യപ്പെട്ട ലങ്കയ്ക്ക്, ഇന്ത്യ 150 കോടി ആയിരുന്നു ആദ്യം നല്‍കിയത്. സാര്‍ക്ക് കറന്‍സി സഹകരണത്തിന്റെ ഭാഗമായി 40 കോടി ഡോളറും മുന്‍പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ്, ഇപ്പോള്‍ 40,000 ടണ്‍ ഡീസല്‍ കൂടി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രണ്ടു മാസത്തെ ക്രെഡിറ്റില്‍ ആണ് ഇന്ധനം നല്‍കുന്നത്. ടൂറിസം, ഊര്‍ജ്ജ മേഖലകളില്‍ സഹകരണവും വിവിധ മേഖലകളില്‍ നിക്ഷേപവും നടത്തുമെന്ന് ഇന്ത്യ ശ്രീലങ്കയെ വ്യക്തമാക്കി.

Related News