അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെ; ശ്വാസകോശത്തിൽ മണ്ണിന്റെ അംശം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • 25/03/2022

തൃശൂര്‍: തൃശൂര്‍ ചേര്‍പ്പില്‍ അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തല്‍. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി. ജീവനോടെയാകാം ബാബുവിനെ സാബു കുഴിച്ച് മൂടിയതെന്നാണ് പോലീസിന്‍റെ നിഗമനം. മൃതദേഹത്തിന്‍റെ തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കഴുത്ത് ഞെരിച്ചുകൊന്നെന്നായിരുന്നു പ്രതിയുടെ മൊഴി.

 മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബു മൊഴി നല്‍കിയത്. എന്നാൽ കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരൻ സാബു കുഴിച്ച് മൂടിയതാകാമെന്നുമാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. 

ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടു. രാവിലെ പശുവിനെ കെട്ടാനെത്തിയ രണ്ടു പേരാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പിലെ ഒരു ഭാഗത്ത് മണ്ണ് ഇളകിയ നിലയിലായിരുന്നു. നാട്ടുകാരെ വിളിച്ചു തിരികെ വന്നപ്പോള്‍ നേരത്തെ മാറി കിടന്ന മണ്ണ് തിരികെ ഇട്ടതായി കണ്ടു. 

സംശയം തോന്നിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്‌സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യില്‍ ബാബു എന്ന് പച്ചകുത്തിയിരുന്നു. ഉടൻ ഇവര്‍ ചേര്‍പ്പ് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചപ്പോഴാണ് സഹോദരൻ സാബുവിൻറെ പെരുമാറ്റത്തില്‍ ചില സംശയം തോന്നിയത്. സാബുവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

Related News