കെഎസ്ആർടിസി ബസില്‍ പന്ത്രണ്ടര കിലോ കഞ്ചാവ്; രണ്ട് യുവാക്കൾ അറസ്റ്റില്‍

  • 25/03/2022

ചേർത്തല: പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയില്‍. വള്ളികുന്നം  ഇലപ്പിക്കുളം സുനിൽഭവനത്തിൽ അനന്തു(19), പുതിയേടത്ത് വീട്ടിൽ ഫയാസ്(20)എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. പത്ത് ലക്ഷത്തോളം വില വരുന്ന കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. 

ജില്ലാ പൊലീസ് മേധാവിക്കു കിട്ടിയ രഹസ്യ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദേശീയപാതയിൽ ഒറ്റപുന്നകവലയിൽ വെച്ചാണ് യുവാക്കളെ പിടിച്ചത്. എറണാകുളത്ത് നിന്നുള്ള കെഎസ് ആർ ടി സി ബസിലാണ് കഞ്ചാവുമായി ഇരുവരുമെത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. ഒറീസ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചതെന്നാണ് വിവരം. എറണാകുളത്തെത്തി ചേർത്തല ആലപ്പുഴ ഭാഗങ്ങളിൽ വിതരണത്തിനു കൊണ്ടു പോകുമ്പോഴാണ് പിടിയിലായത്. 

തുച്ഛമായ തുകയ്ക്കു കഞ്ചാവു വാങ്ങി കച്ചവടക്കാർക്ക് കിലോക്ക് 25000-40000 വരെ വിലക്കാണ് ഇവർ വിറ്റിരുന്നത്. ഇവർക്കു പിന്നിൽ വൻകിടക്കാരായ സംഘങ്ങളുണ്ടെന്ന സൂചനകളെ തുടർന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Related News