സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സർവേ ഇന്ന് പുനരാരംഭിക്കും; തടയുമെന്ന് സമരസമിതി

  • 26/03/2022

സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സർവേ നടപടികൾ ഇന്ന് പുനരാരംഭിച്ചേക്കും. എറണാകുളം പിറവത്ത് ഉപഗ്രഹ സർവേക്കും കല്ലിടലിനുമായി ഇന്ന് ഉദ്യോഗസ്ഥർ എത്തുമെന്നാണ് സൂചന. ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെയും കെ റെയിൽ വിരുദ്ധ സമര സമിതിയുടെയും തീരുമാനം. വൈകിട്ട് ചോറ്റാനിക്കരയിൽ എറണാകുളം ഡി.സി.സി വിശദീകരണയോഗം സംഘടിപ്പിക്കുന്നുണ്ട്. അതേസമയം പദ്ധതിക്കായി ദേശീയതലത്തിൽ പ്രചാരണം നടത്താനാണ്  സി.പി.എം കേന്ദ്ര കമ്മറ്റി തീരുമാനം.

ഇന്നലെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കെ റെയിൽ സർവേ താത്കാലികമായി നിർത്തിവച്ചിരുന്നു. സാമൂഹിക ആഘാദ പഠനത്തിന് കല്ലിടുന്നതിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ദിവസങ്ങളായി തുടരുകയാണ്. പലയിടത്തും കല്ല് സ്ഥാപിക്കുന്നു പ്രതിഷേധക്കാർ എടുത്തു കളയുന്നു എന്നതാണ് രീതി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഒരിടത്തും ഇന്നലെ സർവേ നടക്കാതിരുന്നത്. സർവേ ഉള്ളതായി അറിയിച്ച ജില്ലകളിലെല്ലാം രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.

ഔദ്യോഗികമായി സർവേ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് കെ റെയിൽ വിശദീകരണം. ഓരോ ജില്ലയിലെയും സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും കെ റെയിൽ വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ സർവേ നടത്തുന്ന കേരള വോളൻററി ഹെൽത്ത് സർവീസ് പുതിയ സാഹചര്യത്തിൽ സർവേ പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. പാർട്ടി കോൺഗ്രസ് മുന്നിൽ കണ്ടാണ് കെ റെയിൽ സർവേ നിർത്തിവച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related News