ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു

  • 26/03/2022

ദില്ലി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ ഇന്ത്യ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ല. നരേന്ദ്ര മോദിയുടെ ഉത്തർപ്രദേശ് യാത്ര ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. അതേസമയം, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദർശനം ഉഭയകക്ഷി ചർച്ചയിലെ ധാരണയോടുള്ള പ്രതികരണം നോക്കി മാത്രമായിരിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്രപ്രതിനിധി ഇന്ത്യയിൽ എത്തുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്ര സർക്കാരിൽ നിന്നുണ്ടായിരുന്നില്ല. വാങ് യീ ദില്ലിയിൽ വിമാനമിറങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്. അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞാണ് വാങ് യീ നേരെ ദില്ലിയിൽ എത്തിയത് എന്നാണ് വിവരം. 

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യി ഇന്നലെ കൂടിക്കാഴ്ച നടത്തി. അതിർത്തി തർക്കത്തിന്  ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്ന് യോഗത്തിൽ  ഇന്ത്യ ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ കശ്മീർ പരാമർശത്തിൽ അതൃപ്തിയറിയിച്ച ഇന്ത്യ, ചൈനയുടെ താൽപര്യപ്രകാരമാണ് അദ്ദേഹത്തിൻറെ സന്ദർശനം പരസ്യപ്പെടുത്താതിരുന്നതെന്നും വ്യക്തമാക്കി.

Related News