കെ റെയിൽ സർവെ; തെല്ലും അയവില്ലാതെ പ്രതിഷേധം; നട്ടാശേരിയിൽ നാട്ടിയ കല്ലുകൾ പിഴുതുമാറ്റി

  • 26/03/2022

കോട്ടയം: നട്ടാശേരിയിൽ കെ റെയിൽ സ്ഥാപിച്ച അതിരടയാളക്കല്ലിനെ ചൊല്ലി സംഘർഷം. രാവിലെ പോലീസ് സന്നാഹത്തോടെ എത്തി നാട്ടിയ അതിരടയാളക്കല്ലുകൾ പ്രതിഷേധക്കാർ എത്തി പിഴുതുമാറ്റി. നാട്ടിയ കല്ലുകൾ തിരികെ കൊണ്ടു പോയാൽ മാത്രമേ വാഹനം കടത്തി വിടൂ എന്ന് നാട്ടുകാർ പറഞ്ഞു. ആത്മഹത്യാ ഭീഷണികളുമായിട്ടാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്. പ്രദേശത്ത് പോലീസും ഫയർഫോഴ്‌സും ആംബുലൻസുമടക്കം വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സർവേ നടപടികൾ സംസ്ഥാന വ്യാപകമായി ഉണ്ടായേക്കില്ല എന്ന സൂചനകൾ ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ രാവിലെ കെ റെയിൽ ഉദ്യോഗസ്ഥർ എത്തി കല്ലുകൾ നാട്ടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. വളരെ വേഗത്തിൽ തന്നെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും നാട്ടിയ കല്ലുകൾ എല്ലാം പിഴുതുമാറ്റുകയുമായിരുന്നു.

നാട്ടിയ 12 കല്ലുകളിൽ പത്ത് എണ്ണവും പിഴുതുമാറ്റി. ഇവ കൊണ്ടുവന്ന വണ്ടിയിൽ തന്നെ തിരികെ കയറ്റി. ബാക്കിയുള്ള രണ്ട് കല്ലുകൾ പ്രതിഷേധ സൂചകമായി പെരുമ്പായിക്കാട് വില്ലേജ് ഓഫീസിൽ നാട്ടുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. കല്ലുകൾ നാട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകൾക്ക് നോട്ടീസോ മറ്റോ ഉണ്ടോ എന്ന് പ്രതിഷേധക്കാർ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ, വില്ലേജിനും തഹസിൽദാർക്കും ആർ ഡി ഓഫീസിലും കളക്ടറേറ്റ് ഓഫീസിലും ഒക്കെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നാണ് നൽകിയ മറുപടി. എന്നാൽ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുമ്പോൾ അത്തരത്തിലുള്ള അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.

Related News