ഹിജാബ് വിലക്ക്: കോടതിവിധി മാനിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

  • 26/03/2022

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്ക് ശരിവെച്ച കോടതിവിധി മാനിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. 'കശ്മീര്‍ ഫയല്‍സ്' സിനിമ പ്രദര്‍ശനത്തിനു ശേഷം തിയറ്ററുകളില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന ആഹ്വാനങ്ങളുടെ വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി ചുമതലയേറ്റ സയ്യിദ് ശഹ്‌സാദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിലകം ചാര്‍ത്തുന്നവരും ചാര്‍ത്താത്തവരും ബുര്‍ഖ ധരിക്കുന്നവരും ധരിക്കാത്തവരും താടിവെക്കുന്നവരും വെക്കാത്തവരുമുണ്ട്. മുസ്‌ലിംകളില്‍ തന്നെ ഹിജാബ് ധരിക്കാത്തവരും താടിവെക്കാത്തവരും ഏറെയുണ്ട്. അത് ഓരോരുത്തരുടെയും അഭിപ്രായമാണ്. കോടതിവിധി വന്നുകഴിഞ്ഞാല്‍ അത് സ്വീകരിച്ചേ മതിയാവൂ എന്നും അവര്‍ വ്യക്തമാക്കി. ഗുജറാത്തില്‍ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത് ഒരു മതഗ്രന്ഥമെന്ന നിലയിലല്ല കാണേണ്ടത്. തത്ത്വചിന്താപരമായ ഗ്രന്ഥം എന്ന നിലയിലാണ്. രാജ്യത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ടതാണത്. ഖുര്‍ആന്‍ പഠിപ്പിക്കുന്നതാണെങ്കില്‍ അതിനും കമ്മീഷന്‍ എതിരല്ല.

മദ്‌റസ പഠനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഛത്രപതി ശിവജിയുടെ ജീവചരിത്രം പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ജാര്‍ഖണ്ഡിലെ മദ്‌റസകളിലുണ്ട്. അത്തരം പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കണം. മദ്‌റസകള്‍ സന്ദര്‍ശിച്ചപ്പോള്‍ തങ്ങള്‍ക്ക് ഡോക്ടറാവണം എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞുവെന്നും അതിന് മദ്‌റസകളില്‍ പഠിച്ചതുകൊണ്ട് കാര്യമില്ലല്ലോ എന്നുമാണ് അസമില്‍ മദ്‌റസകള്‍ അടച്ചുപൂട്ടിയതിന് മുഖ്യമന്ത്രി കാരണമായി പറഞ്ഞത്. ഇതുസംബന്ധിച്ച്‌ ആരും പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കമ്മീഷന്‍ അംഗങ്ങളായ ധന്യകുമാര്‍ ജിനപ്പ ഗുണ്ടെ, റിഞ്ചന്‍ ലാമോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related News